തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതശരീരം ലഭിച്ചത് 420 കിലോമീറ്ററുകൾ അകലെ ആന്ധ്രാപ്രദേശിൽ നിന്നും. ചെന്നൈയ്ക്കു സമീപം തിരുവള്ളൂരിലെ പണ്ടൂരിൽ വച്ചാണ് ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്ന സുധാകറിനെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചത്. സംഭവ ശേഷം കാർ നിർത്താതെ ഓടിച്ചു പോകുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ മുറിഞ്ഞു പോയ സുധാകറിന്റെ വലത് കാൽ സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയെങ്കിലും ശരീരം ലഭിച്ചിരുന്നില്ല. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ബൈക്കിലിരുന്ന രേഖകൾ പരിശോധിച്ചാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
പോലീസ് സുധാകറിന്റെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താത്തതിൽ കോപാകുലരായ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.
അപകടം നടന്ന സമയം ഇതുവഴി കടന്നു പോയ ലോറിയിലാണ് സുധാകറിന്റെ ശരീരം തെറിച്ചു വീണത്. എന്നാൽ വാഹനത്തിന്റെ ഡ്രൈവർ ഇത് അറിഞ്ഞിരുന്നില്ല. തമിഴ്നാട്ടിൽ ലോഡ് ഇറക്കിയതിനു ശേഷം ആന്ധ്രയിലേക്കു പോകുകയായിരുന്നു ഈ ലോറി.
ആന്ധ്രയിലെത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ മൃതശരീരം കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശ് പോലീസിന്റെ അന്വേഷണത്തെ തുടർന്ന് തമിഴ്നാട് സ്വദേശിയുടെ മൃതശരീരമാണ് വാഹനത്തിലുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.
അപകടത്തിനു ശേഷം നിർത്താതെ പോയ കാർ കണ്ടെത്തിയ പോലീസ് ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്.