ഇടുക്കി: ജില്ലയില്‍ രണ്ടിടത്തുണ്ടായ അപകടങ്ങളില്‍ നാലു പേര് മരിച്ചു. ഇടുക്കി പന്നിയാര്‍കുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പന്നിയാര്‍ കുട്ടി ഇടയോട്ടിയില്‍ ബോസ് (55), ഭാര്യ റീന ( 48), ഇവരോടൊപ്പം ഉണ്ടായിരുന്ന പന്നിയാര്‍കുട്ടി തട്ടപ്പിള്ളിയില്‍ ഏബ്രാഹാം (50) എന്നിവരാണ് മരിച്ചത്.
ഒളിമ്പ്യന്‍ കെ.എം. ബീനമോളുടെ സഹോദരിയാണ് റീന. ബീനമോളുടെ സഹോദരന് ഒളിമ്പ്യന്‍ കെ.എം. ബിനുവിന്റെ ഭാര്യാ പിതാവാണ് മരിച്ച ഏബ്രഹാം. ഏബ്രഹാമാണ് വാഹനം ഓടിച്ചിരുന്നത്. ഇന്നലെ രാത്രി 10. 30 ഓടെ ആയിരുന്നു അപകടം. പന്നിയാര്‍ കുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മൂന്നു പേരും രാജാക്കാട് മുല്ലക്കാനത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. പന്നിയാര്‍ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികില്‍ ഇറക്കിയിട്ടിരുന്ന ജല്‍ജീവന്‍ മിഷന് പദ്ധതിക്കായുള്ള പൈപ്പില്‍ കയറിയതോടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്. വാഹനം റോഡില്‍ നിന്നു തെന്നി മാറി സമീപത്തെ പാറക്കെട്ടുകളിലും മരത്തിലും ഇടിച്ച് കൊക്കയിലേക്കു പതിക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബോസും റീനയും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഏബ്രഹാമിനെ രാജാക്കാട് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികില്‍സ നല്കിയ ശേഷം എറണാകുളത്തേക്കു കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്കാരം പിന്നീട്.
കാര്‍ ക്രാഷ് ബാരിയറില്‍
ഇടിച്ച് യുവാവ് മരിച്ചു
ഇടുക്കി: കട്ടപ്പനയില്‍ കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഹാബ്രിക് ബില്‍ഡേഴ്സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന് ജോസഫ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം.
കട്ടപ്പനയില്‍ നിന്നു റോബിന് വള്ളക്കടവിലെ വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ക്രാഷ് ബാരിയര്‍ വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് ഉള്ളിലൂടെ കയറി പിന്‍വശത്ത് വരെയെത്തി.
ഓടിക്കൂടിയ നാട്ടുകാരും തുടര്‍ന്ന് സ്ഥലത്തെത്തിയ കട്ടപ്പന പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെയും നേതൃത്വത്തില്‍ ഏറെ ശ്രമകരമായാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നിരുന്ന റോബിനെ പുറത്തെടുത്തത്.
ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കട്ടപ്പന വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.