തങ്ങളുടെ വാഹനത്തെ ആരും ഓവര്‍ടേക്ക് ചെയ്യുന്നത് ഇഷ്ടമില്ലാത്ത ധാരാളം ആളുകള്‍ ഈ സമൂഹത്തിലുണ്ട്. ഒരു പെണ്ണ് തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്താല്‍ അഭിമാനം ഇടിഞ്ഞു പോകുമെന്നു കരുതുന്ന പുരുഷ കേസരികളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്.
ഈ ദുരഭിമാനമാണ് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ നടന്ന അപകടത്തിനു കാരണം. തന്റെ ബൈക്കിനെ പിന്നാലെ സ്കൂട്ടറിലെത്തിയ യുവതി ഓവര്‍ടേക്ക് ചെയ്തതോടെ ആത്മനിയന്ത്രണം നഷ്ടമായ യുവാവിന്റെ പ്രവൃത്തി നാടിനെയാകെ ഞെട്ടിക്കുകയാണ്.
തന്നെ മറികടന്നു പോയ യുവതിയെ പിന്നാലെ ചെന്ന് കമന്റടിച്ച ഇയാള്‍ അതു കൊണ്ടും അരിശം തീരാതെ യുവതിയെ തള്ളി വീഴ്ത്താനും ശ്രമിച്ചു.
ഇതിനിടെ ബാലന്‍സ് തെറ്റി വീണ യുവാവിന്റെ ബൈക്ക് ചെന്നിടിച്ച് സ്കൂട്ടര്‍ മറിഞ്ഞ് യുവതിക്കും ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു.
കുന്നന്താനം പാമല വേങ്ങമൂട്ടില്‍ മിനി (സാം 47), കുന്നന്താനം കോട്ടപ്പടി സരിത ഭവനം ജയകൃഷ്ണന് (18) എന്നിവര്‍ക്കാണ് പരുക്ക്. ഇന്നലെ വൈകിട്ട് കുന്നന്താനം-തിരുവല്ല റോഡില്‍ പാമലയില്‍ വച്ചാണ് സംഭവം.
തിരുവല്ലയില്‍ നിന്നും കുന്നന്താനത്തേക്ക് വരികയായിരുന്ന മിനി തൊട്ടു മുന്നില്‍ പോയ ജയകൃഷ്ണന്റെ ബൈക്ക് ഓവര്‍ടേക്ക് ചെയ്തു പോയി.
എന്നാല്‍ കൗമാരത്തിന്റെ ചോരത്തിളപ്പില്‍ നിന്ന ജയകൃഷ്ണന് ഇത് ഇഷ്ടമായില്ല. ഇയാള്‍ അതിവേഗതയില്‍ മിനിയ്ക്കൊപ്പമെത്തുകയും കമന്റടിയ്ക്കുകയുമായിരുന്നു.
ഇതിനിടയ്ക്ക് മിനിയുടെ തോളില്‍ പിടിച്ചു തള്ളാന്‍ ശ്രമിച്ചതോടെ ജയകൃഷ്ണന്റെ ബൈക്കിന്റെ ബാലന്‍സ് നഷ്ടമായി. തുടര്‍ന്ന് ബൈക്കും ഇയാളും റോഡിലേക്ക് വീഴുകയായിരുന്നു.
നിരങ്ങിപ്പോയ ബൈക്ക് ചെന്നിടിച്ച് മിനിയുടെ സ്കൂട്ടറും മറിയുകയായിരുന്നു. ചെവികള്‍ക്കും കൈക്കും കാലിനു മുറിവുള്ള മിനിയെ ആദ്യം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരിയിലും പ്രവേശിപ്പിച്ചു.
തലക്കും ശരീരത്തും സാരമായി പരുക്കേറ്റ ജയകൃഷ്ണന് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
കുന്നന്താനത്ത് തയ്യല്‍ കട നടത്തുന്ന ആളാണ് മിനി. ജയകൃഷ്ണന് പാലക്കാട്ട് വയറിംഗ് തൊഴിലാളിയും. സംഭവത്തില്‍ മുന്‍വൈരാഗ്യമൊന്നുമില്ലെന്ന് കീഴ്വായ്പൂര് പോലീസ് വ്യക്തമാക്കി.