പാന്പാടി: മദ്യലഹരിയിൽ അമിതവേഗത്തിൽ യുവാവ് ഓടിച്ച ബെൻസ് കാർ രണ്ടു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. കൂരോപ്പട താന്നിക്കൽ ഭാഗത്താണ് ഇന്നലെ വൈകുന്നേരം അപകടം നടന്നത്. കൂരോപ്പടയിൽനിന്നും പാന്പാടിയിലേക്കു വരികയായിരുന്ന ഓട്ടോറിക്ഷയും പാന്പാടിയിൽനിന്ന് കൂരോപ്പടയ്ക്കു പോയ കാറുമാണു ഇടിച്ചു തെറിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാന്പാടിയിലെ വർക്ക്ഷോപ്പിൽ എ സി മെക്കാനിക്കായ ജോബിനെതിരേ പാന്പാടി പോലീസ് കേസെടുത്തു.
മുന്പും മദ്യപിച്ച് വാഹനം ഓടിച്ചതിനു പോലീസ് കേസെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തതാണ്. അറ്റകുറ്റപ്പണികൾക്കായി വർക്ക്ഷോപ്പിൽ എത്തിക്കുന്ന വാഹനവുമായി ചുറ്റിത്തിരിഞ്ഞു നടക്കുക ജോബിന്റെ സ്ഥിരം ശൈലിയാണെന്നു പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ ഓട്ടോറിക്ഷ തലകീഴായി മറിയുകയും എതിരേവന്ന കൊല്ലം സ്വദേശിയുടെ കാറിനു മുകളിലേക്കു പതിക്കുകയുമായിരുന്നു.
പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ റെജിയെ പാന്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കാറിന്റെ മുൻഭാഗം തകർന്നു. പാലായിലെ ബ്രില്യന്റിലേക്കു മകളുമായി പോകുകയായിരുന്നു കാർ ഓടിച്ചിരുന്ന കൊല്ലം സ്വദേശി ഷാജി.
മദ്യപിച്ച് വാഹനം ഓടിച്ചു നിരവധി അപകടങ്ങൾ ജോബിൻ സൃഷ്ടിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. പാന്പാടി പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു മെഡിക്കൽ പരിശോധന നടത്തി.