തളിപ്പറമ്പ്: ദേശീയപാതയില്‍ ലോറിയിടിച്ച് ഇടതുകാലിന്റെ എല്ല് തകര്‍ന്ന കാളക്കുട്ടന് റോഡരികത്ത് ശസ്ത്രക്രിയ. ഇന്നലെ രാവിലെ ഏഴിനാണ് തളിപ്പറമ്പ് ദേശീയപാതയോരത്ത് മില്‍മ ബൂത്തിന് മുന്നിലാണ് കാളക്കുട്ടനെ ലോറി ഇടിച്ചുവീഴ്ത്തിയത്. ഇടതുകാലിന്റെ കുളമ്പിന് മുകളിലെ എല്ല് പൊട്ടി വെളിയില്‍ വന്ന നിലയില്‍ വേദന കൊണ്ടു പുളഞ്ഞ മൃഗത്തിന് തളിപ്പറമ്പിലെ മൃഗക്ഷേമ സംഘടനയായ ആനിമല്‍ ആൻഡ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റാണ് സഹായവുമായി രംഗത്തുവന്നത്.
തളിപ്പറമ്പ് വെറ്റിനറി ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വാഹനവുമായി പട്ടുവം മൃഗാശുപത്രിയിലെ ഡോക്ടര്‍ ഷെറിന്. ബി.സാരംഗത്തെ വിളിച്ചുകൊണ്ടുവരികയായിരുന്നു. ഡോക്ടര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. മൃഗക്ഷേമപ്രവര്‍ത്തകര്‍ ഇതിനാവശ്യമായ സൗകര്യം റോഡരികില്‍ തന്നെ ഒരുക്കുകയായിരുന്നു.
പുറത്തുവന്ന എല്ല് ശസ്ത്രക്രിയയിലൂടെ ശരിയാക്കിയ ശേഷം കാളക്കുട്ടന് ഡ്രിപ്പ് വഴി മരുന്ന് നല്കിയ ശേഷമാണ് പ്രവര്‍ത്തകര്‍ തിരിച്ചുപോയത്. കാളക്കുട്ടനെ പരിചരിക്കുന്നതിന് രണ്ട് സ്നേഹസേന പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയതായി സെക്രട്ടറി കെ.രഞ്ജിത്ത് പറഞ്ഞു.
ട്രഷറര്‍ പി.രാജന്, പി.സുമേഷ്, എം.സുഭാഷ്, പി.സജീവന്, സി.അശോകന്, പി.വിജേഷ് എന്നിവര്‍ നേതൃത്വം നല്കി. തളിപ്പറമ്പില്‍ അലഞ്ഞു തിരിയുന്ന നാല്കാലികള് വാഹമനിടിച്ച് മരിക്കുന്നത് വ്യാപകമായിരിക്കയാണ്.
തെരുവ് പശുക്കള്‍ക്കായി സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആനിമല്‍ ആൻഡ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ് ആവശ്യപ്പെട്ടു.