കഠിനംകുളം : മദ്യ ലഹരിയിൽ മുൻ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ചു മരിച്ച ആറാം ക്ലാസുകാരി ആലിയ ഫാത്തിമയ്ക്കും മുത്തച്ഛന് അബ്ദുള്‍ സലാമിനും നാട്ടുകാരുടെ കണ്ണീരിൽ കുതിർന്ന വിട. മൃതദേഹങ്ങള്‍ ഒരുനോക്ക് കാണാന്‍ കാവോട്ടുമുക്ക് ദാര്‍ അല്‍ ബര്‍ക്കത്ത് വീട്ടിലേക്ക് വന്‍ ജനാവലിയാണ് എത്തിയത്. ഇന്നലെ വൈകുന്നേരം നാലിന് വീട്ടില്‍ മൃതദേഹം എത്തിച്ചു.
ഒരു മണിക്കൂറോളം വീട്ടില്‍ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്നു കണിയാപുരം പള്ളി നട മുസ്ലിം ജമാ അത്ത് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. മരണ വാര്‍ത്ത അറിഞ്ഞു ബന്ധുക്കളും നാട്ടുകാരും വ്യാഴാഴ്ച വൈകുന്നേരത്തോടെ വീട്ടു വളപ്പില്‍ തടിച്ചു കൂടിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെയാണ് മദ്യ ലഹരിയിലായിരുന്ന മുന്‍ പോലീസുകാരന് മാഹീന് ഓടിച്ച കാർ ഇടിച്ച് റോഡിന് സമീപത്ത് കൂടി നടന്നു പോകുകയായിരുന്ന കാവോട്ടു മുക്ക് ദാര്‍ അല്‍ ബര്‍ക്കത്തില്‍ അബ്ദുൾ സലാം (78) ,കൊച്ചുമകളായ ആലിയ ഫാത്തിമ (11) എന്നിവര്‍ മരിച്ചത്. സ്കൂള്‍ ബസ് ഇറങ്ങി മുത്തച്ഛന് വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വരുന്നതിനിടെയാണ് കാര്‍ പാഞ്ഞു കയറിയത്. അബ്ദുൾ സലാം അപകട സ്ഥലത്തും ആലിയ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകുന്നതിനിടെയും മരിക്കുകയിരുന്നു.
കാർ ഓടിച്ച മാഹീൻ റിമാൻഡിൽ
കഠിനംകുളം : കാവോട്ടുമുക്കിൽ മുത്തച്ഛന്റെയും ചെറുമകളുടെയും മരണത്തിന് ഇടയാക്കിയ കാർ ഒടിച്ച മുൻ പോലീസുകാരൻ കഠിനംകുളം ചാന്നാങ്കര ഐഎസ് ഗാർഡനിൽ മാഹീനെ(58) കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരം നാലോടെയാണ് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയത്. മനഃപൂർവമായ നരഹത്യയ്ക്കാണു കഠിനംകുളം പോലീസ് കേസെടുത്തിട്ടുള്ളത്.