മലപ്പുറം: മൈസൂരിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ദീർഘദൂര ബസ് മറിഞ്ഞ് ഒരു യുവതി മരിച്ചു. ഏതാനും പേർക്കു പരിക്കേറ്റു. ബംഗളൂരുവിൽ നിന്ന് ഇന്നലെ രാത്രി 9.30നു പുറപ്പെട്ട് ഇന്നു രാവിലെ ആറരയോടെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെത്തേണ്ട കല്ലട ട്രാവൽസ് (സുരേഷ്കുമാറിന്റെ ഉടമസ്ഥതയിൽ) ബസാണ് മറിഞ്ഞത്.
മൈസൂരു കഴിഞ്ഞു ഹുൻസൂരിൽ ഇന്നു പുലർച്ചെ 2.30യോടെയാണ് അപകടം. അതിവേഗത്തിൽ ബസിന്റെ മുന്നിൽ കയറിയ കാറിൽ തട്ടാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
അപകടത്തിൽ മൂന്നു പേർക്കു ഗുരുതര പരിക്കേറ്റു. ഇവരെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ പേരുവിവര ങ്ങൾ ലഭ്യമായിട്ടില്ല. ഇവർ നാഗ്പൂരിൽ നിന്നാണ് വരുന്നതെന്നറിയുന്നു.
പെരിന്തൽമണ്ണയിലേക്കാണ് ടിക്കറ്റെടുത്തിട്ടുള്ളത്. ബസിലെ മറ്റുള്ള യാത്രക്കാരെ കല്ലടയുടെ മറ്റൊരു ബസിൽ പെരിന്തൽമണ്ണയിലെത്തിച്ചു.