കണ്ണൂർ: പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാടാച്ചിറ സ്വദേശി ഷിഹാബ്, കണ്ണൂർ സ്വദേശി നിഹാദ് എന്നിവരെയാണ് വളപട്ടണം സിഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ പുലർച്ചെയാണ് പുതിയതെരുവിൽ അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടം നടന്ന ഉടൻ പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിൽനിന്നു രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് സമീപത്തെ സിസിടിവിയും വാഹനം സംബന്ധിച്ചുള്ള വിവരങ്ങളും എടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്.
തുടർന്ന് ഇന്നലെ രാത്രി ഇരുവരെയും അവരുടെ വീടിന്റെ പരിസരത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു.കാറിൽനിന്ന് ലഭിച്ച മയക്കുമരുന്ന് വിൽപനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നതെന്നു പോലീസ് പറഞ്ഞു. അപകട സമയത്ത് ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പിടിയിലായ നിഹാദ് കാപ്പാ കേസ് പ്രതിയാണ്. ഇയാളുടെ പേരിൽ ലഹരി മരുന്ന് കേസുൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐമാരായ വിപിൻ, ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ റിനോജ്, ജിനേഷ്, സുമിത്ത് എന്നിവരും ഉണ്ടായിരുന്നു.