കണ്ണൂർ: അഞ്ചു ദിവസത്തിനിടെ കണ്ണൂരിൽ നാലു റോഡപകടങ്ങളിൽ പൊലിഞ്ഞത് ആറു ജീവനുകൾ. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെ കണ്ണൂർ-മട്ടന്നൂർ റോഡിൽ വാരം ചതുരക്കിണറിലായിരുന്നു ആദ്യ അപകടം. ഓട്ടോടാക്സിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏച്ചൂർ സ്വദേശികളായ അർജുൻ (19), ആകാശ് (19), ഓട്ടോടാക്സി യാത്രികനായ ഇരിട്ടി കുന്നോത്ത് സ്വദേശി പ്രകാശൻ (55) എന്നിവരായിരുന്നു മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ പാപ്പിനിശേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മാതൃഭൂമി ന്യൂസ് ചാനൽ കാമറമാൻ പ്രതീഷ് എം. വെള്ളക്കീലും (35) മരിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതീഷിന്റെ ദാരുണമരണം.
എതിർദിശയിൽനിന്ന് വരുന്ന വാഹനത്തെ മറികടന്ന് അമിതവേഗതയിൽ വന്ന മറ്റൊരു വാഹനത്തിൽനിന്ന് രക്ഷപ്പെടാനായി പ്രതീഷ് താൻ സഞ്ചരിച്ച ബുള്ളറ്റ് വെട്ടിച്ചപ്പോൾ റോഡരികിലെ വൈദ്യുതതൂണിലിടിച്ചായിരുന്നു അപകടം.
ബുധനാഴ്ച രാത്രി ദേശീയപാതയിൽ കണ്ണൂർ സെൻട്രൽ ജയിലിനു മുന്നിലുണ്ടായ അപകടത്തിൽ പ്രവാസിയായ ചാലാട് സോപാനത്തിൽ സുജേഷിനും (37) ജീവൻ നഷ്ടമായി. ഭാര്യയ്ക്കൊപ്പം സ്കൂട്ടറിൽ വരുന്നതിനിടെ പിറകിൽനിന്നെത്തിയ ടാങ്കർ ലോറിയിടിച്ചായിരുന്നു അപകടം.
റോഡിലേക്ക് തെറിച്ചുവീണ സുജേഷ് തത്ക്ഷണം മരിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പെരിങ്ങളായി സ്വദേശി ജാബിറും (25) മരണപ്പെട്ടത്.