മട്ടന്നൂർ: ചാവശേരി പത്തൊൻമ്പതാം മൈലിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. കുട്ടികൾ അടക്കം ഏഴു പേർക്കു പരിക്കേറ്റു. ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.
ചേർത്തലയിൽ നിന്നു കർണാടകയിലേക്കു പോകുകയായിരുന്ന കാറും മൈസൂരിൽ നിന്നു ചെടികളുമായി കൂത്തുപറമ്പിലേക്കു പോകുകയായിരുന്ന മിനി ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.പത്തൊൻമ്പതാം മൈൽ ഇരിട്ടി താലൂക്ക് സൊസൈറ്റിക്ക് സമീപത്തെ വളവിലായിരുന്നു അപകടം.
കാറിന്റെ പിൻസീറ്റിലിരുന്ന ചേർത്തല സ്വദേശിനി കുമാരി (63) ആണു മരിച്ചത്. വസുദേവ, മഞ്ജുള, അഞ്ജു, ആദിത്യ, കൃഷ്ണാനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും നാട്ടുകാരും ചേർന്നാണു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുമാരി മരിച്ചിരുന്നു. പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മട്ടന്നൂർ സ്റ്റേഷൻ കോമ്പൗണ്ടിലേക്കു മാറ്റി.