കായംകുളം: ദേശീയപാത കുരുതിക്കളമാകുന്പോഴും അധികൃതർക്ക് മൗനം. ദേശീയപാതയിൽ വർധിച്ചു വരുന്ന വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ പ്രഖ്യാപിച്ച അപകട നിയന്ത്രണ പദ്ധതികൾ പലതും പ്രഖ്യാപനത്തിൽ ഒതുങ്ങി. അപകടങ്ങൾ കുറയ്ക്കാൻ പഴയ ദേശീയപാത ഉപയോഗപ്പെടുത്തണമെന്ന നിർദേശവും വർഷങ്ങൾ പിന്നിട്ടിട്ടും നടപ്പിലായില്ല. കായംകുളം മുതൽ ഹരിപ്പാടുവരെ പഴയ ദേശീയപാതകൂടി ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണമെന്ന നിർദേശമാണ് പ്രധാനമായി ഉയർന്നത്.
റോഡപകടങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ടി.കെ.ചന്ദ്രശേഖരദാസാണ് തോട്ടപ്പള്ളി മുതൽ കൃഷ്ണപുരം വരെ ദേശീയപാതയിലെ അപകടമേഖലകൾ സന്ദർശിച്ചശേഷം രണ്ടു വർഷം മുന്പ് ഈ നിർദേശം ശുപാർശ ചെയ്തത്. ദേശീയപാതയിൽ റോഡിന്റെ വീതിക്കുറവാണ് അപകടങ്ങൾ പെരുകാൻ പ്രധാന കാരണമെന്നാണ് കമ്മീഷൻ കണ്ടെത്തിയത്.
മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനിടെയാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നതെന്നും കണ്ടെത്തി. കായംകുളം മുതൽ ഹരിപ്പാടുവരെ 14 കിലോമീറ്റർ ദൂരത്തിൽ പഴയദേശീയപാത പ്രയോജനമില്ലാതെ കിടക്കുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന പ്രധാന നിർദേശമാണ് മുന്നോട്ട് വച്ചത്.
രണ്ട് റോഡുകളെയും ഡിവൈഡർ സ്ഥാപിച്ചോ താത്ക്കാലിക കന്പിവേലി സ്ഥാപിച്ചോ വേർതിരിച്ച് വണ്വേ സന്പ്രദായം ഏർപ്പെടുത്തണമെന്നും ശുപാർശ ചെയ്തിരുന്നു. കായംകുളം കൃഷ്ണപുരം മുതൽ കരീലക്കുളങ്ങര വരെയുള്ള ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നത് തടയാൻ പഴയ ദേശീയപാത ഉപയുക്തമാക്കാൻ മനുഷ്യാവകാശ കമ്മീഷനും നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
അപകടങ്ങൾ കുറയ്ക്കാൻ നാലുവർഷം മുന്പ് മോട്ടോർ വാഹനവകുപ്പ് നൽകിയ റിപ്പോർട്ടും വെളിച്ചം കാണാതെയിരിക്കുകയാണ്. ദേശീയപാതയ്ക്ക് മതിയായ വീതിയില്ലാത്തതിനാലും വാഹന ബാഹുല്യം കൂടുതലായതിനാലും അപകടസാധ്യത കൂടുന്നു. തുടങ്ങിയവ ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്, ദേശീയപാതയിൽ നിരന്തരം ജീവൻ പൊലിയുന്പോഴും ഒരു പരിഹാര നടപടിയും ഉണ്ടാകാത്തതിനെതിരെ പ്രതിഷേധവും ശക്തമാണ്.