കായംകുളം: ദേശീയ പാതയിൽ കൊറ്റുകുളങ്ങരയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും ബസിന്റെ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന പുല്ലുകുളങ്ങര സ്വദേശിയായ വിഷ്ണു, ഹരിപ്പാട് കവല സ്വദേശികളായ മനു, കാർത്തിക് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് ഡ്രൈവർ രാജേഷിന് നിസാര പരിക്കേറ്റു. അപകടത്തിൽപെട്ട് പൂർണമായി തകർന്ന കാറിൽ നിന്നും മൂവരെയും ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം. അപകടത്തിൽപെട്ടവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ ചെണ്ടമേളം കഴിഞ്ഞ് ആഹാരം കഴിക്കാൻ കാറിൽ എത്തിയതാണ് മൂവരും.
ശിവഗിരി തീർഥാടനം കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് മടങ്ങി പോവുകയായിരുന്ന മിനി ബസുമായാണ് കാർ കൂട്ടി ഇടിച്ചത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. റോഡിൽ കിടന്ന കാർ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കായംകുളം സ്വദേശിയായ ഹാഷിമിന്റെ വലത് കാലിനും പരുക്കേറ്റു.