കായംകുളം : ദേശീയപാതയിൽ കായംകുളം മേഖലയിലെ റോഡപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത റോഡ് സേഫ്റ്റി അഥോറിറ്റിക്കെതിരേ പ്രതിഷേധവുമായി എംഎൽഎ രംഗത്ത്. കായംകുളം എംഎൽഎ യു.പ്രതിഭാഹരിയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. അപകടം വർധിച്ചിട്ടും റോഡ് സേഫ്റ്റി അഥോറിറ്റി കണ്ണടച്ചിരിക്കുകയാണ്. കായംകുളം കൊറ്റുകുളങ്ങര ഭാഗത്ത് മാത്രം നിരവധിപേർ അപകടത്തിൽ മരണപ്പെട്ടു. പൊതുമരാമത്ത് മന്ത്രി ഇടപെട്ട് ദേശീയപാതയിലെ കുഴികൾ അടപ്പിച്ചു വൃത്തിയാക്കി.
പക്ഷേ ദേശീയപാത അഥോറിറ്റിയും റോഡ് സേഫ്റ്റി അഥോറിറ്റിയും വലിയ വിവേചനമാണ് കായംകുളത്തോട് കാണിച്ചിട്ടുള്ളത്. എവിടെയെങ്കിലും സീബ്രാലൈൻ ഇട്ടിട്ടുണ്ടോ? ആവശ്യത്തിന്് റിഫ്ലക്ടറുകൾ വെച്ചിട്ടുണ്ടോ? ആവശ്യമായ സുരക്ഷാ അടയാളങ്ങൾ കൊറ്റുകുളങ്ങരയിലും സ്ഥിരം അപകടം നടക്കുന്ന സ്ഥലങ്ങളിലും വെച്ചിട്ടുണ്ടോ എന്ന ചോദ്യവും അവർ ഉയർത്തുന്നു.
ഇല്ല ഇതൊന്നും ചെയ്തിട്ടില്ല. ട്രാഫിക് പോലീസും വേണ്ടത്ര ഈ കാര്യത്തിൽ ഇടപെടുന്നില്ല. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പറഞ്ഞിട്ടുണ്ട്. ഇനിയും പരിഹരിക്കുന്നില്ല എങ്കിൽ റോഡിൽകുത്തി ഇരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർക്ക് ഇത് സംബന്ധമായി നൽകിയ തുറന്ന കത്തും അവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2017- 2018 വർഷത്തിൽ 32 പേരാണ് കായംകുളം മണ്ഡലത്തിൽ അപകടത്തിൽ മരിച്ചത്. ഒരാഴ്ച ഒരാൾ എന്ന നിലയിലാണ് ജീവൻ പൊലിയുന്നത്. അപകട മരണം സംഭവിച്ച വീട് സന്ദർശിച്ച് ഹൃദയ ഭേദകമായ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കുന്ന എംഎൽഎയായി മാറാൻ എനിക്ക് വിഷമം ഉണ്ട്. ആയതിനാൽ അടിയന്തിരമായി ഇടപെടണമെന്നാണ് ജില്ലാ കളക്ടർക്ക് നൽകിയ കത്തിൽ അവർ ആവശ്യപ്പെട്ടിരിക്കുന്നത്.