കൊച്ചി: നഗരത്തിൽ കഴിഞ്ഞഎട്ടു മാസത്തിനിടെ വാഹനാപകടങ്ങളിൽ പൊലിഞ്ഞതു 91 ജീവൻ. കൊച്ചി സിറ്റി പോലീസിന്റെ കണക്കുകൾ പ്രകാരം 2017 ജനുവരി മുതൽ ഓഗസ്റ്റ് 31 വരെയുണ്ടായ 1,696 വാഹനാപകടങ്ങളിലാണ് ഇത്രയേറെപേർ മരണത്തിനു കീഴടങ്ങിയത്. അപകടങ്ങളിൽ 1,150 എണ്ണവും അലക്ഷ്യമായ ഡ്രൈവിംഗും അശ്രദ്ധയുംമൂലം സംഭവിച്ചതാണ്. അപകടങ്ങളിലായി പരിക്കേറ്റ1,796 പേരിൽ1,160 പേരുടെയും പരിക്കുകൾ ഗുരുതരമായിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മരിച്ചവരിൽ 43 പേർ ഇരുചക്ര വാഹനയാത്രികരാണ്. ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്തു മരണപ്പെട്ട 18 പേരും ഹെൽമറ്റ് ഉപയോഗിച്ചിരുന്നില്ല. അപകടത്തിൽപ്പെട്ട യാത്രികരിൽ 19 പേർ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 59.5 ശതമാനം അപകടങ്ങൾ നടന്നതും രാവിലെ എട്ട് മുതൽ ഉച്ചയ്ക്കു 12 വരെയും ഉച്ചകഴിഞ്ഞു മൂന്നു മുതൽ എട്ടുവരെയുള്ള സമയങ്ങളിലാണ്.
യാത്രയ്ക്കിടെ ഡ്രൈവർമാർ ഉറങ്ങിപ്പോയതിനെത്തുടർന്നു മൂന്ന് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കാത്തതും അമിതവേഗവും അലക്ഷ്യ ഡ്രൈവിംഗും ഉൾപ്പെടെയുള്ളവയാണ് അപകടങ്ങൾക്കു പ്രധാനകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ അമിത വേഗത്തിന് 10,514 കേസുകളും മദ്യപിച്ച് വാഹനം ഓടിച്ചതിനു 3,885 കേസുകളും ഹെൽമറ്റ് ധരിക്കാത്തതിനു 20,155 കേസുകളും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിനു 668 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തു.
സിഗ്നൽ ലൈറ്റുകൾ ലംഘിച്ചതിനും വണ്വേ തെറ്റിച്ചതിനും 3,165 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇടതുവശം ചേർന്നുള്ള ഓവർടേക്കിംഗ്, നോ പാർക്കിംഗ് സ്ഥലത്തെ പാർക്കിംഗ് തുടങ്ങി മറ്റു കേസുകളിലെല്ലാമായി പോലീസ് 52,541 കേസുകളുമെടുത്തു. കാൽനട യാത്രികരും വാഹനങ്ങളുടെ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുന്നതാണെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.