കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ റോഡുകളിൽ അപകടങ്ങളും വർധിച്ചിരിക്കുകയാണ്. ഈവർഷം മാർച്ച് വരെയുള്ള പോലീസ് കണക്കുകൾ പ്രകാരം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1586 വാഹനാപകടങ്ങൾ. അപകടങ്ങളിൽ 107 പേർ മരിച്ചു. 1610 പേർക്കു പരിക്കേറ്റു. എറണാകുളം റൂറൽ പരിധിയിൽ അപകടങ്ങൾ 956, മരണം 75, പരിക്കേറ്റവർ 973. കൊച്ചി സിറ്റിയിൽ അപകടം 630, മരണം 32, പരിക്കേറ്റവർ 637 എന്നിങ്ങനെയാണ് കണക്ക്.
സംസ്ഥാനത്ത് ഈവർഷം മാർച്ച് വരെ 10,568 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. 1,104 പേർ മരിച്ചപ്പോൾ പരിക്കേറ്റവർ 11,852 ആണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ 38,470 അപകടങ്ങൾ നടന്നതിൽ 5,797 അപകടങ്ങളും നടന്നത് എറണാകുളം ജില്ലയിലായിരുന്നു. ഇതിൽ 429 പേർ മരിച്ചു. പരിക്കേറ്റവരുടെ എണ്ണം 6,123.
ഇന്നലെ വൈറ്റില ജനതാ റോഡിൽ കെയുആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒന്നര വയസുകാരൻ ഉൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റിരുന്നു. വൈറ്റിലയിൽ മേൽപ്പാലത്തിന്റെ പണികൾ നടക്കുന്നതിനാൽ ഇവിടെ ഇപ്പോൾ സിഗ്നൽ ഒഴിവാക്കിയുള്ള ഗതാഗത പരിഷ്കാരമാണുള്ളത്. ഇതുമൂലം രാവിലെ 11 വരെയുള്ള സമയങ്ങളിൽ വൈറ്റിലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് അപകടങ്ങൾക്കു വഴിയൊരുക്കുന്നു.
അപകടത്തിൽപ്പെടുന്നത് ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണം. കാലവർഷം കനത്തതോടെ നഗരത്തിലെ റോഡുകൾ തകർന്ന നിലയിലാണ്. ബസുകളുടെ മരണപ്പാച്ചിലും ഗതാഗതക്കുരുക്കും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
ദേശീയ, സംസ്ഥാന പാതകളിലും ഇടറോഡുകളിലുമൊക്കെ വാഹനങ്ങൾക്ക് വേഗ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലരും അതൊന്നും പാലിക്കാറില്ല. തെറ്റായ ദിശയിലൂടെ വാഹനങ്ങൾ മറികടക്കുക, എതിർദിശയിലോ ഒരേ ദിശയിലോ നീങ്ങുന്ന വാഹനങ്ങളുടെ വേഗം കണക്കുക്കൂട്ടുന്നതിലുണ്ടാകുന്ന പാകപ്പിഴ, ഹെൽമറ്റില്ലാത്ത യാത്ര, അശ്രദ്ധ എന്നിവയാണ് ബൈക്ക് അപകടങ്ങളിൽ മരണനിരക്ക് വർധിപ്പിക്കുന്നത്.
റോഡുകളിലെ കുഴികളും മറ്റും ഒഴിവാക്കാൻ പെട്ടെന്നു നടത്തുന്ന ശ്രമങ്ങളും അപകടത്തിന് കാരണമാകുന്നു. വാഹനങ്ങളെ ശ്രദ്ധിക്കാതെ കാൽനടയാത്രികർ അശ്രദ്ധമായി റോഡ് കുറുകെ കടക്കുന്നതും അപകടങ്ങളുണ്ടാക്കുന്നു.