കോട്ടയം: കോടിമത നാലുവരിപ്പാത അപകടപാതയായി മാറുന്പോഴും അധികൃതർ നിസംഗതയിൽ. ഓരോ ദിവസവും അപകടങ്ങളുടെ നിരക്ക് വർദ്ധിക്കുകയാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇന്നലെ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നു.കോടിമത നാലുവരിപ്പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്കൂട്ടർ കെഎസ്ആർടിസി ബസിലിടിച്ച് മൂലവട്ടം സ്വദേശികളായ തടത്തിൽ അനുരാജ്(36), മണവാളൻചേരി സനോജ്(35) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കോടിമത നാലുവരിപ്പാതയിൽ വിൻസർ കാസിലിനു മുന്നിലാണ് അപകടമുണ്ടായത്. അപകടങ്ങൾ വർധിച്ചിട്ടും ഇതിനു പരിഹാരം കാണാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. കോടിമത പാലം മുതൽ മണിപ്പുഴ ജംഗ്ഷൻ വരെ എംസി റോഡിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് നിരവധി കാരണങ്ങളുണ്ട്. ഇടുങ്ങിയ കോടിമത പാലം, നാലുവരി പാതയിലെ അമിത വേഗം, അശാസ്ത്രീയമായ ഡിവൈഡറുകൾ- ഇതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
നാലുവരിപാതയ്ക്കു ശേഷമായി വരുന്ന പാലം ഏറ്റവും അപകടഭീഷണി ഉയർത്തുന്ന ഘടകമാണ്. പാലത്തിന് ഇരുവശത്തുമുള്ള റോഡുകൾ ഉന്നത നിലവാരത്തിലായതോടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ പാലത്തിലെത്തുന്പോൾ അപകടത്തിൽപെടുന്നത് പതിവാണ്. പാലത്തിന്റെ വീതികുറവും പാലത്തിന്റെ മറുവശത്തു നിന്നുള്ള വാഹനങ്ങൾ കാണാൻ സാധിക്കാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു.
ഉയർന്ന നിലവാരത്തിൽ നിർമിച്ച നാലുവരിപ്പാതയിലൂടെ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ റോഡിൽ നിന്നു തെന്നിമറിയുന്നതും പതിവാണ്. ഇതിനു പുറമേ മിഡയനില്ലാത്ത സ്ഥലത്ത് യു ടേണ്‍ എടുക്കുന്പോഴും അപകടങ്ങളുണ്ടാകാറുണ്ട്. യാതൊരു ശ്രദ്ധയുമില്ലാതെ പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെ യു ടേണ്‍ എടുക്കുന്നത് ഇവിടെ പതിവാണ്. പലപ്പോഴും ഇത് അപകടത്തിലാണ് ചെന്നെത്തുന്നത്. അപകടങ്ങൾ വർധിച്ചതോടെ യു ടേണ്‍ എടുക്കുന്ന മീഡിയൻ ഇല്ലാത്ത സ്ഥലങ്ങൾ നാട്ടുകാർ അടച്ചുകെട്ടാനുള്ള ശ്രമത്തിലാണ്.
റോഡിലെ അനധികൃത പാർക്കിംഗും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വളവുകളിൽ പോലും ചെറുതും വലുതുമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ ഇവിടെ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ഇടിച്ചും അപകടമുണ്ടായിട്ടുണ്ട്. മണിപ്പുഴ ജംഗ്ഷനിൽ ചെറിയ റോഡിൽ നിന്നുള്ള വാഹനങ്ങൾ എംസി റോഡിലേക്ക് കടക്കുന്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഇത്രയും അപകടമുണ്ടായിട്ടും നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അധികൃതർ ഇവിടെ യാതൊരു മുൻ കരുതലുകളും എടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.