കോലഴി: എക്സൈസ് റേഞ്ച് ഒാഫീസിനു മുന്നിൽ വാഹനാപകടത്തിൽ ഗുരതരമായി പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ച് എക്സൈസ് ഉദ്യോഗസ്ഥർ മാതൃകയായി.
മോഷ്ടിച്ച ബൈക്കുമായി പാഞ്ഞു പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെയാണു എക്സൈസുകാർ രക്ഷിച്ചത്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നഗരത്തിൽ നിന്നു മോഷ്ടിച്ച ബൈക്കുമായി വന്ന യുവാവ് കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിനു മുന്നിൽവച്ച് പിക്കപ്പവ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓഫീസിനു തൊട്ടുമുന്നിൽ നടന്ന അപകടത്തിന്റെ ശബ്ദം കേട്ട് കോലഴി എക്സൈസ്റേഞ്ചിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എ.ബി. പ്രസാദും സഹപ്രവർത്തകരും പുറത്തേക്കു പാഞ്ഞു.
ചോരയിൽ കുളിച്ചുകിടന്ന യുവാവിനെ അതുവഴി വന്ന ഒരു വാഹനത്തിൽ കയറ്റി ഗവ. മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. വ്യവസായി ഹരിദാസ് മേനോന്റെ കാറിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റയാളെയെടുത്ത് വാഹനത്തിൽ കയറിയ പ്രസാദിന്റെ യൂണിഫോം രക്തത്തിൽ കുതിർന്നിരുന്നു.പിന്നീട് രക്തക്കറ നിറഞ്ഞ വസ്ത്രവുമായാണ് ഉദ്യോഗസ്ഥൻ ഓട്ടോ റിക്ഷ വിളിച്ച് റേഞ്ച് ഓഫീസിൽ എത്തിയത്.
അപകടത്തെക്കുറിച്ച് പോലീസിനെ വിവരമറിയിച്ചതും പ്രസാദാണ്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് അബോധാവസ്ഥയിലാണ്.
ഇയാളുടെ മേൽവിലാസം കണ്ടെത്താനുള്ള പരിശോധനയിൽ വാഹന നന്പർ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നാണ് നഗരത്തിലെ ബാറിനു സമീപത്തു നിന്നും മോഷണം പോയ ബൈക്കാണ് ഇതെന്നു കണ്ടെത്തിയത്.
മലപ്പുറം സ്വദേശിയായ യുവാവിന്റെ ബൈക്ക് ദിവസങ്ങൾക്കുമുന്പ് സിസി അടയ്ക്കാത്തതിന് ഫിനാൻസുകാർ കൊണ്ടുപോയിരുന്നു.
തുടർന്ന് തൃശൂരിലെത്തിയ യുവാവ് ബാറിൽ കയറി മദ്യപിച്ച് അവിടെയിരുന്ന മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടക്കുകയായിരുന്നു.
ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് യുവാവ് തന്നെയാണ് മോഷണം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്താത്തതിനാൽ ഇയാളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.