മുരിങ്ങൂർ: വാഹനങ്ങളുടെ അമിതവേഗതയും സിഗ്നൽ കൃത്യമായി പാലിക്കാതെയുള്ള യാത്രയും വർധിച്ചതോടെ മുരിങ്ങൂർ അപകടമേഖലയാകുന്നു. ഇതിന് ഒടവിലത്തെ ഉദാഹരണമാണ് ഇന്നലെ നടന്ന അപകടം. കോട്ടയം സ്വദേശിയായ ഡോക്ടർ സഞ്ചരിച്ച കാറാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. വൻ ആപത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡോ.ദിലിപ് കുര്യൻ, സിൽവി എന്നിവർ സഞ്ചരിച്ച കാറാണ് മുരിങ്ങൂർ സിഗ്നലിനു സമീപത്ത് അപകടത്തിൽപ്പെട്ടത്.
അതിരപ്പിള്ളിയിൽ നിന്നും കോട്ടയത്തേക്ക് പോകും വഴിയാണ് സംഭവം. മുരിങ്ങൂർ സിഗ്നലിന് സമീപം ചാലക്കുടി ഭാഗത്ത് നിന്നും വന്ന ലോറിയിൽ കാർ തട്ടി ദേശീയ പാതയിൽ നിന്നും തെറിച്ച് മറിഞ്ഞ് ദേശീയപാതയുടെ നടുവിലൂടെ മഴവെളളം ഒഴുക്കി കളയുവാൻ നിർമിച്ചിരിക്കുന്ന തോട്ടിലേക്ക് തിരിഞ്ഞ് വന്ന് പതിക്കുകയായിരുന്നു. ഇരുവരും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ വാഹനത്തിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്. കൊരട്ടി പോലീസ് സംഭവസ്ഥലത്തെതി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിലായ വാഹനം ക്രെയിന്റെ സഹായത്തോടെ എടുത്തു നീക്കി. മേഖലയിൽ അപകടം ഒഴിവാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.