പത്തനാപുരം: കൊട്ടാരക്കര -പത്തനാപുരം മിനിഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.തലവൂർ പറങ്കിമാംമുകളിൽ കെ.എസ്.ആർ.ടി.സി.ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരണപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.തലവൂർ മേലേപ്പുരയിൽ താമസമാക്കിയ കുന്നിക്കോട് കുഴിക്കൽ പുത്തൻവീട്ടിൽ ഗോപകുമാർ ഉണ്ണിത്താൻ(35)ആണ് മരിച്ചത്.
മൂന്നാഴ്ച മുമ്പ് ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.തലവൂർ രണ്ടാലുംമൂടിനും കുരാജംഗ്ഷനും മധ്യേ കശുവണ്ടി ഫാക്ടറിക്ക് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അന്നത്തെ അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നും വന്ന കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ഒന്നര വർഷം മുമ്പ് തലവൂർ ഞാറക്കാട് അവിട്ടത്തിൽ മനോജ് – ബീന ദമ്പതികളുടെ മകനായ പ്ലസ് വൺ വിദ്യാർത്ഥി വിനായക് സ്വകാര്യ ബസിടിച്ച് മരണപ്പെട്ടിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകവേ പിറകെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.ഉന്നത ഗുണനിലവാരത്തിൽ നവീകരിച്ച ഗ്രാമീണ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നതാണ് തുടർച്ചയായ അപകടങ്ങളുണ്ടാക്കുന്നത്. റോഡ് നന്നാക്കിയ ശേഷം ഇതുവഴി വാഹനങ്ങളുടെ എണ്ണം ദിനം പ്രതി വർധിച്ചിട്ടുണ്ട്.
സൂചനാ ബോര്‍ഡുകളോ ഹമ്പുകളോ സ്ഥാപിക്കാത്തതും പതിവായുളള അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചെറുതും വലുതുമായ മുപ്പതോളം അപകടങ്ങളാണ് ഇവിടെ നടന്നത്. പാതയിൽ പിടവൂര്‍ മുതല്‍ വടകോട് വരെ ഒന്‍പത് കിലോമീറ്റര്‍ ദൂരത്തിൽ ഒരു ഹമ്പ് പോലും സ്ഥാപിച്ചിട്ടില്ല. പാത കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിലായി നാല് സർക്കാർ സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
വാഹനങ്ങൾ ചീറിപ്പായുന്നത് കാരണം കാൽനടക്കാരായ വിദ്യാർത്ഥികളും ആശങ്കയിലാണ്. പാതയിൽ ആവശ്യമായ സ്ഥലങ്ങളിൽ ഹമ്പുകളോ സൂചനാ ബോര്‍ഡുകളോ സ്ഥാപിച്ച് അപകടം കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.