കോട്ടയം: കോട്ടയം വീണ്ടും കുരുതിക്കളമാവുകയാണ്. ഇന്നലെ രാത്രിയിലുണ്ടായ രണ്ട് അപകടങ്ങളിൽ മൂന്നു പേരാണ് മരിച്ചത്. രാത്രി 10 മണിക്ക് സംക്രാന്തിയിൽ ബൈക്കിന്റെ പിന്നിൽനിന്ന് തെറിച്ചു വീണ് പരിക്കേറ്റ സ്ത്രീ ഇന്നു പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. നീറിക്കാട് തോട്ടടിയിൽ ശശികുമാറിന്റെ ഭാര്യ ഓമന (50)യാണ് മരിച്ചത്. മകന്റെ ബൈക്കിനു പിന്നിൽ യാത്ര ചെയ്യുന്പോൾ സംക്രാന്തിയിൽ വച്ച് റോഡിൽ തെറിച്ചു വീണാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ ഓമനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരണം സംഭവിച്ചു. എംസി റോഡിൽ ഇന്നലെ രാത്രി ഒൻപതരയ്ക്കുണ്ടായ സ്കൂട്ടർ അപകടത്തിൽ രണ്ടു പേർ കൂടി മരിച്ചു. ഇത്തവണയും വില്ലനായത് റോഡ് പണി.
സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തിരുവല്ല പാലിയക്കര നെടുംപള്ളി പുത്തൻപുരയിൽ സതീശന്റെ മകൻ വിശാഖ് (24), ഒപ്പമുണ്ടായിരുന്നു ബന്ധു തിരുവല്ല വല്ലന എരുമക്കാട് കല്ലുകാലായിൽ കെ.സി.അജി (50) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് അൽപ സമയത്തിനകം വിശാഖ് മരിച്ചു. രാത്രി ഒരു മണിയോടെയാണ് അജി മരിച്ചത്. എംസി റോഡിൽ മണിപ്പുഴ മുളങ്കുഴ ജംഗ്ഷനിലാണു അപകടമുണ്ടായത്. തിരുവല്ലയിൽനിന്ന് കോട്ടയത്തിനു പോവുകയായിരുന്ന ഇവരുടെ സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പരിക്കേറ്റ് വഴിയിൽ കിടന്നവരെ നാട്ടുകാരും ചിങ്ങവനം പോലീസും ചേർന്നു അതുവഴിയെത്തിയ ആംബുലൻസിൽ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. എംസി റോഡിൽ കോടിമതയിലും സമീപത്തുമായി ഈ മാസത്തെ അഞ്ചാമത്തെ അപകട മരണമാണ് ഇന്നലെ മുളങ്കുഴയിലുണ്ടായത്.