വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ ബസിനു പിറകിൽ കോഴിവണ്ടിയിടിച്ച് കോഴിവണ്ടി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട് സ്വദേശി ഫാറൂക്കി (32) നാണ് പരിക്ക്. ഇയാളെ മംഗലംപാലത്തെ കാരുണ്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കി പോലീസ് ജീപ്പിൽ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നുരാവിലെ ഏഴിനായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഐഷർ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ വടക്കഞ്ചേരി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറുടെ കാലിനാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്.
കോഴിവണ്ടിയിൽ മറ്റു രണ്ടുപേർ കൂടിയുണ്ടായിരുന്നെങ്കിലും അവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ആയിരത്തോളം കോഴികൾ വാഹനത്തിലുണ്ടായിരുന്നു. പാലക്കാടുനിന്നും തൃശൂരിലേക്ക് പോയിരുന്ന കെ.കെ.മേനോൻ ബസിനു പുറകിലാണ് ഇതേദിശയിൽ പോയിരുന്ന കോഴിവണ്ടി ഇടിച്ചത്. ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്ന സമയത്തായിരുന്നു സംഭവം.
കോഴിവണ്ടിയുടെ ബ്രേക്ക് ചവിട്ടിയപ്പോൾ വണ്ടി നില്ക്കാതെ മുന്നോട്ടുപോയതാണ് അപകടത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ബസ് യാത്രക്കാർക്ക് പരിക്കില്ല. ഫയർഫോഴ്സിലെ ലീഡിംഗ് ഫയർമാൻ അബ്ദുൾ ഹക്കിം, ഫയർമാൻ മാരായ മുരളീധരൻ, ലിജു, പ്രതീഷ്, സതീശൻ, വിപിൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നത്.
അപകടമുണ്ടായ കൊല്ലത്തറയിൽ ബസ് ബേ ഇല്ലാത്തതിനാൽ ദേശീയപാതയിൽ തന്നെയാണ് ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇത് പലപ്പോഴും വലിയ അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.
ബസ് ബേ ഇല്ലാത്ത സ്റ്റോപ്പുകളിൽ അത് നിർമിക്കുന്നതിനും കാത്തിരിപ്പുകേന്ദ്രം ഒരുക്കാനും നേരത്തെ കളക്ടർ ഇടപ്പെട്ട് തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടപ്പാകുന്നില്ല.