കോട്ടയം: പാലാ – തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ കെഎസ്ആർടിസി ബസും മഹീന്ദ്ര സൈലോയും കൂട്ടിയിടിച്ചു രണ്ടു പേർക്കു പരിക്കേറ്റു. റാന്നി മന്ദമാരുതി സ്വദേശികളായ മുകേഷ്, സണ്ണി എന്നിവർക്കാണു പരിക്കേറ്റത്. ഇന്നു രാവിലെ 7.45നു കുറിഞ്ഞി കവലയിലാണു അപകടമുണ്ടായത്. പാസ്റ്റ് പാസഞ്ചർ ബസ് കുറിഞ്ഞിക്കവലയിൽ ആദ്യം ആൾട്ടോ കാറിലും പിന്നീട് സൈലോ കാറിലും ഇടിക്കുകയായിരുന്നു.
ആൾട്ടോ കാറിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ പാലാ ജനറൽ ആശുപത്രിയിലും പീന്നിടു കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സണ്ണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈലോ ഓടിച്ചിരുന്നതു മുകേഷായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന സൈലോയ്ക്കുള്ളിൽ നിന്നും മുകേഷിനെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.
രാമപുരം പോലീസും ഇകെകെ കണ്സ്ട്രക്ഷൻ കന്പനിയിലെ തൊഴിലാളികളും ചേർന്നാണു ഇയാളെ പുറത്തെടുത്തത്. സണ്ണിയെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളാണു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടപ്പനയിൽ നിന്നു തിരുവനന്തപുരത്തിനു പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന സൈലോയുമാണു അപകടത്തിൽപ്പെട്ടത്.