ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ മിനി ബസും ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. മഹാകുംഭമേളയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
ജബൽപുരിലെ സിഹോറ പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഹ്ല ബർഗി ഗ്രാമത്തിലെ കനാൽ പ്രദേശത്തിനു സമീപമുള്ള ഹൈവേയിലാണ് അപകടമുണ്ടായത്.
ജബൽപുരിൽനിന്ന് കട്നിയിലേക്കു പോകുകയായിരുന്ന ട്രക്ക്, നിയന്ത്രണം നഷ്ടപ്പെട്ട് എതിർ വശത്തേക്കു നീങ്ങിയാണ് മിനി ബസിൽ ഇടിച്ചത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പോലീസ് ക്രെയിൻ ഉപയോഗിച്ച് ട്രക്ക് നീക്കുകയും മിനി ബസിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.