കുറവിലങ്ങാട്: യാത്രക്കാരെ കയറ്റാനായി നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ മിനിലോറിയിടിച്ച് ലോറി ഡ്രൈവറും ക്ലീനറും മരിച്ചു.ലോറി ഡ്രൈവർ വയനാട് ഗൂഡല്ലൂർ മച്ചി ക്കോലി വലയോലിൽ ആന്റണി (36) ക്ലീനർ തൃശൂർ മണിത്തറ ജയന്തിനിലയത്തിൽ സൂര്യ സുദർശൻ (18) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ ആറോടെ എം.സി റോഡിൽ കുറവില ങ്ങാട് പഞ്ചായത്ത് ബസ്സ്റ്റാൻഡിന് മുൻപിലാ യിരുന്നു അപകടം. മുവാറ്റുപുഴയിൽനിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് ലോറിയിടിച്ചത്. തൃശൂരിൽ നിന്ന് കോട്ടയം കഞ്ഞിക്കുഴിയിലേക്ക് പൈപ്പുമായി പോകുകയായിരുന്നു ലോറി. അപകടവിവര മറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർ ത്തനം നടത്തിയത്.
ലോറിയുടെ വാതിലിന്റെ പൂട്ടുതുറക്കാൻ കഴിയാതെ വന്നതിനാൽ ലോറി പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശു പത്രിയിലും എത്തിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ പിൻഭാഗം തകർന്ന് ഇരിപ്പിടങ്ങൾ തെന്നിമാറിയിട്ടുണ്ടെങ്കിലും യാത്രക്കാർക്കു പരുക്കേറ്റിട്ടില്ല. ഇവിടെ നിന്നുള്ള യാത്രക്കാർ ബസിൽ കയറിക്കൊണ്ടിരിക്കവേയായിരുന്നു അപകടമെങ്കിലും അവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.