കുറവിലങ്ങാട്: നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. കോന്നി വാകയാർ ഈട്ടിനിൽക്കുന്നതിൽ അലക്സാ(33)ണ് മരിച്ചത്. അലക്സിന്റെ പിതാവ് കുഞ്ഞൂഞ്ഞ് (60), സഹോദരി അനിത, മക്കളായ ആന്റോ (മൂന്ന്), ആൻസു( ആറ്), ആൻസണ്‍ (11) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ഇവരിൽ അനിതയ്ക്കും കുഞ്ഞൂഞ്ഞിനും ആന്റോയ്ക്കും സാരമായ പരിക്കാണുള്ളത്. ഇവർ മലയാറ്റൂരിൽ പോയി മടങ്ങുകയായിരുന്നുവെന്നാണ് ആദ്യഘട്ടത്തിൽ മനസിലായിട്ടുള്ളത്. ഇന്നുപുലർച്ചെ അഞ്ചേകാലോടെ എം.സി റോഡിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിർദിശയിലെത്തിയ ലോറിയിലിടിക്കുകയായിരുന്നു.
കാർ പൂർണ്ണമായും വലതുവശത്തുകൂടി പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറി വെട്ടിച്ച് മാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ലോറിക്കടിയിലേക്ക് കയറിപ്പോയ സ്ഥിതിയിലായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ടൗണിലെ ഓട്ടോറിക്ഷാഡ്രൈവർമാരുടെ കൂട്ടായ പരിശ്രമം രക്ഷാപ്രവർത്തനരംഗത്ത് ശ്രദ്ധേയമായിരുന്നു. എസ്ഐ കെ.എസ് ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഹൈവേപോലീസും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുറവിലങ്ങാട് സ്റ്റേഷനിലെ ജീപ്പുകളിലും ഹൈവേ പോലീസിന്റെ ജീപ്പിലുമായാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.