പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ നിർണായക വിവരവുമായി മോട്ടോർ വാഹനവകുപ്പ്. അമിത വേഗതയിലായിരുന്ന കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന് കണ്ടെത്തി.
കാർ ഓടിച്ച ഹാഷിം ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ഇടിച്ചു കയറിയത്. അനുജയും ഹാഷിമും സീറ്റ് ബൽറ്റ് ധരിച്ചിരുന്നില്ല.
രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയർ അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നും മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.
അപകടസമയത്ത് ലോറിയുടെ വേഗത 40-45 കിലോമീറ്റർ ആയിരുന്നു. കാറിൽ എയർബാഗ് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും.
മരിച്ച തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജയും (36) ചാരുമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിമും (35) സുഹൃത്തുക്കളാണ്. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നു.
സ്കൂളിലെ അധ്യാപകരുമായി തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചിരുന്നു.
കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്പില് ഹാഷിം വണ്ടിനിര്‍ത്തിയിട്ട് തടഞ്ഞത്. അനുജയെ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. ആദ്യം ഇയാൾക്കൊപ്പം പോകാൻ മടിച്ച അനുജ പിന്നീട് കാറിൽ കയറുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവികത തോന്നി അനുജയെ വിളിച്ച അധ്യാപകരോട് തങ്ങൾ മരിക്കാൻ പോവുകയാണെന്നാണ് അനുജ പറഞ്ഞത്. അനുജയെ ഫോണിൽ വിളിച്ചപ്പോൾ കരയുന്നുണ്ടായിരുന്നുവെന്നും അധ്യാപകർ പറയുന്നു.
ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.