നെടുങ്കണ്ടം: കാൽതെറ്റിവീണ് തലപൊട്ടി രക്തം വാർന്ന് 15 മിനിറ്റോളം വഴിയിൽകിടന്ന യുവാവിന് ഡോക്ടർ സഹായിയായി. നെടുങ്കണ്ടം ടൗണിൽ പടിഞ്ഞാറെക്കവലയിൽ പരിവർത്തനറോഡിലേക്കു കയറുന്ന ഭാഗത്താണ് കഴിഞ്ഞദിവസം കാൽതട്ടി വീണതിനെതുടർന്ന് രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ നാട്ടുകാർ അവഗണിച്ചത്.
നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമാണ് യുവാവ് അപകടത്തിൽപെട്ടത്. യുവാവിന്റെ തല സ്ലാബിൽ അടിച്ചുണ്ടായ മുറിവിൽനിന്ന് രക്തം ചീറ്റിയൊഴുകുകയായിരുന്നു.
ആരും തിരിഞ്ഞുനോക്കാതെ 15 മിനിറ്റിലധികം റോഡിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ അതുവഴിവന്ന പോളി ഡെന്റൽ ക്ലിനിക്കിലെ ഡോ. ബിബിനാണ്് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. താലൂക്ക് ആശുപത്രിയിൽനിന്ന് ബന്ധുക്കളുടെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.
പുരികത്തിനോടു ചേർന്നുണ്ടായ മുറിവിന് 28 തുന്നിക്കെട്ടൽ ആവശ്യമായിവന്നു. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ അൽപംകൂടി വൈകിയിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.