എടത്വ: അപകടങ്ങൾ പതിവാകുന്ന മരിയാപുരം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും വഴിവിളക്ക് കത്തുന്നില്ലെന്ന് പരാതി. എടത്വ-തകഴി സംസ്ഥാനപാതയിൽ മരിയാപുരം ജംഗ്ഷൻ മുതൽ കൈതമുക്ക് ജംഗ്ഷൻ വരെയും, മരിയാപുരം-ഒറ്റാറക്കൽപടി, മരിയാപുരം-കന്പനിപീടിക എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരുമാസമായി വൈദ്യുതി വിളക്ക് പ്രകാശിക്കാത്തത്.
പഞ്ചായത്തംഗം ടി.ടി. തോമസ് പലതവണ എടത്വ കെഎസ്ഇബി ഓഫീസിൽ പരാതിപ്പെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. പഞ്ചായത്തിൽനിന്ന് ഫണ്ട് അനുവദിച്ചാണ് വൈദ്യുതി വിളക്ക് സ്ഥാപിച്ചത്. നാലു റോഡുകൾ ഒന്നിച്ചുകൂടുന്ന മരിയാപുരം ജംഗ്ഷനിൽ വൈദ്യുതി വിളക്കിന്റെ അഭാവം മൂലം നിരവധി വാഹനാപകടങ്ങളാണ് ദിവസേന നടക്കുന്നത്.
കഴിഞ്ഞ ദിവസം ഗൃഹനാഥൻ മരിച്ചതുൾപ്പെടെ ഒരുവർഷത്തിനുള്ളിൽ 25 ഓളം ചെറുതും വലുതുമായ വാഹനാപകടങ്ങൾ ഇവിടെ നടന്നതായും മൂന്നോളം യാത്രക്കാരുടെ ജീവൻ ഇല്ലാതായതായും വാർഡ് അംഗം പറഞ്ഞു. സ്ഥലത്ത് വൈദ്യുതി വിളക്ക് പുനഃസ്ഥാപിക്കാനുള്ള നടപടി കെഎസ്ഇബി അധികൃതർ അടിയന്തരമായി ചെയ്യണമെന്ന് വാർഡ് മെന്പർ ആവശ്യപ്പെട്ടു.