കോട്ടയം: വീണ്ടും എംസി റോഡിൽ അപകടക്കെണി. റോഡിലെ കുഴിയിൽ വീണു സ്കൂട്ടർ മറിഞ്ഞു സഹോദരങ്ങൾക്കു പരിക്കേറ്റു. ഈരാറ്റുപേട്ട സ്വദേശികളായ അബ്്ദുൾ ഖാദർ, അബദുൾ ഹായിദ് എന്നിവർക്കാണ് നിസാര പരിക്കേറ്റത്.
ഇന്നു പുലർച്ചെ 5.45ന് എംസി റോഡിൽ അടിച്ചിറിയിലെ കാർ ഷോറൂമിനു സമീപമുള്ള വളവിലെ കുഴിയിലാണ് സ്കൂട്ടർ മറിഞ്ഞത്. ഈരാറ്റുപേട്ട സ്വദേശികൾ പുലർച്ചെ
സ്കൂട്ടറിൽ കോട്ടയത്തിനു വരുന്പോൾ അടച്ചിറിയിലെ കാർ ഷോറൂമിനു മുന്നിലെത്തിയപ്പോൾ എതിർ ദിശയിൽ നിന്നുമെത്തിയ നാഷണൽ പെർമിറ്റ് ലോറി ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുഴിയിൽ വീണു മറിയുകയായിരുന്നു.
തുടർന്നു ഇതുവഴിയെത്തിയവർ ചേർന്നാണ് പരിക്കേറ്റവരെ സഹായിച്ചത്. ദിവസങ്ങൾക്കു മുന്പു ഇവിടുത്തെ കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരനു പരിക്കേറ്റിരുന്നു. തുടർന്ന് പൊതുമാരാമത്ത് അധികൃതർ ഇവിടുത്തെ കുഴികൾ കോണ്ക്രീറ്റ് ചെയ്ത് അടച്ചിരുന്നു.
എന്നാൽ വെള്ളമെഴുക്കുള്ള ഇവിടുത്തെ കുഴികളിലിടിട്ട കോണ്ക്രീറ്റ് ഒഴുകി പോകുകയും ചെയ്തിരുന്നു. കുഴികൾ ടാർ ചെയ്തു തന്നെ അടയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മാതാ ആശുപത്രിയക്കു സമീപമുള്ള വെള്ളക്കെട്ടിലെ കുഴിയിൽ വീണു ബൈക്ക് മറിഞ്ഞു യുവാവ് മരണപ്പെടുകയും ചെയ്തിരുന്നു.