മൂവാറ്റുപുഴ: ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ അപകടങ്ങൾക്ക് കാരണമാകുന്നു. മൂവാറ്റുപുഴ-തേനി ഹൈവേയിൽ രണ്ടാർ-കോട്ട റോഡിലൂടെ പായുന്ന ലോറികളാണ് അപകടങ്ങൾ വരുത്തിവയ്ക്കുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ദിവസവും ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇന്നലെ രാവിലെ 6.30ഓടെ കോട്ടപ്പുറം ജംഗ്ഷനു സമീപം കോട്ട റോഡിൽ ടിപ്പർ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചതാണ് ഒടുവിലത്തേത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ പിന്നിൽനിന്നു വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.
രാവിലെയും വൈകുന്നേരവും സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളടക്കമുള്ള ഭാരവണ്ടികൾ സർവീസ് നടത്തരുതെന്ന നിയമം കാറ്റിൽ പറത്തിയാണ് ഇവിടെ ലോറികൾ ചീറിപ്പായുന്നത്. ഏതാനും നാൾ മുന്പ് അമിത വേഗത്തിലെത്തിയ ടോറസ് ലോറി വൈദ്യുത പോസ്റ്റ് ഇടിച്ച് തകർത്തിരുന്നു. പാറമടയിൽ കല്ല് കയറ്റാൻ പോകുന്നതിനിടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്പോഴായിരുന്നു പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചത്.
ടോറസ് ഇടിച്ചതിനെത്തുടർന്ന് പോസ്റ്റ് വട്ടം ഒടിഞ്ഞു. വിദ്യാർഥികളടക്കം നിരവധി പേർ നടന്നു പോകുന്നതിനിടെയായിരുന്നു അപകടം. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇതേത്തുടർന്ന് സ്കൂൾ സമയങ്ങളിലും അമിത വേഗത്തിലും വരുന്ന ടിപ്പർ ലോറികൾ തടയുമെന്ന് രണ്ടാർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ കുറച്ചു ദിവസത്തേക്ക് ലോറികൾ വേഗത കുറച്ചെങ്കിലും വീണ്ടും പഴയ രീതിയിൽ ആയിരിക്കുകയാണ്.
റോഡ് നവീകരിച്ചതോടെ ഒട്ടുമിക്ക വൈദ്യുതി പോസ്റ്റുകളും അപകടകരമായാണ് നിലകൊള്ളുന്നത്. റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന രീതിയിൽ നിരവധി പോസ്റ്റുകൾ ഇനിയും പ്രദേശത്തുണ്ട്. സ്വകാര്യ ബസുകളും സ്കൂൾ ബസുകളുമടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന റോഡിലൂടെ ലോറികളുടെ അമിതവേഗതകതയ്ക്കെതിരേ നാളുകളായി പരാതികൾ നിലനിൽക്കുന്നുണ്ട്.
പലവട്ടം നാട്ടുകാർ മോട്ടോർ വാഹന വകുപ്പിനോടും പോലീസിനോടും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കരിങ്കൽ കയറ്റിപ്പോകുന്ന ലോറികളിൽനിന്നു കല്ലു തെറിച്ച് റോഡിലേക്കു വീണ സംഭവവും ഉണ്ടായിട്ടുണ്ട്. യാതൊരു സുരക്ഷിതത്വവുമില്ലാതെ പായുന്ന ലോറികൾക്കെതിരേ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.