കോട്ടയം: ജില്ലയിൽ റോഡപകടങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയം നഗരത്തിലും
ചുറ്റുപാടും നടന്ന വിവിധ റോഡപകടത്തിൽ ഒരു ജീവൻ പൊലിയുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്.
കഴിഞ്ഞ ദിവസം ഈരയിൽക്കടവ്-മണിപ്പുഴ റോഡിൽ ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ പുതുപ്പള്ളി സ്വദേശിയായ തൃക്കോതമംഗലം കടവിൽപറന്പിൽ ഗോകുലത്തിൽ ജി. ഗോകുൽ (20) മരിച്ചു.
ഇതിനുപിന്നാലെ ചുങ്കം മെഡിക്കൽ കോളജ് റോഡിൽ തിരുവാറ്റയിൽ രണ്ടു ദിവസങ്ങളിലായി ഒരേ സ്ഥലത്ത് നടന്ന രണ്ട് അപകടങ്ങളിൽ മൂന്നുപേർക്കും ഏറ്റുമാനൂർ പേരൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർക്കും പരിക്കേറ്റിരുന്നു.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങളും പോലീസ് നിരീക്ഷണവും കൂടിവരുന്ന സാഹചര്യത്തിലാണ് റോഡപകടങ്ങളും കൂടുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിത വേഗതയാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.
ഈരയിൽക്കടവ്-മണിപ്പുഴ റോഡിലെ ദുരന്തം
വെള്ളിയാഴ്ച യുവാവ് മരിക്കാനിടയായ സംഭവത്തിൽ ആഡംബര ബൈക്കിലെ അമിത വേഗത്തിലുള്ള യാത്രയാണ് കാരണമെന്നാണ് വിലയിരുത്തുന്നത്. ഈരയിൽക്കടവ്-മണിപ്പുഴ റോഡിൽ മിക്കപ്പോഴും ബൈക്കുകൾ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്.
നാളുകൾക്കു മുന്പ് ഇവിടങ്ങളിൽ അമിത വേഗതയിൽ ഭീതി പരത്തി ബൈക്കുകളിൽ റേസിംഗ് നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നു പോലീസ് പരിശോധന നടത്തുകയും റേസിംഗ് നടത്തിയവരെ പിടികൂടാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു.
ഇന്നലെ മരിച്ച ഗോകുൽ മറ്റൊരു ബൈക്കിന്റെ കൂടെ അമിതവേഗത്തിൽ സഞ്ചരിക്കുന്പോഴാണ് അപകടമുണ്ടായത്. മണിപ്പുഴ ഭാഗത്തുനിന്നും മറ്റൊരു ബൈക്കിനൊപ്പം അമിത വേഗത്തിൽ ഗോകുൽ വരികയായിരുന്നു.
ഈ സമയത്താണ് മണിപ്പുഴ ഭാഗത്തുനിന്നു തന്നെ എത്തിയ കാർ ഈരയിൽക്കടവ് നാലും കൂടുന്ന റോഡിൽ നിർത്തി തിരിക്കാൻ ശ്രമിച്ചത്. ഗോകുലിനു മുന്നിൽ വന്ന ബൈക്ക് അതിവേഗം കാറിന്റെ മുന്നിലെ ചെറിയ സ്ഥലത്തു കൂടി വെട്ടിച്ചുകടന്നു.
ഇതേ സ്ഥലത്തു കൂടി വെട്ടിച്ചു കയറിപ്പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഗോകുലിന്റെ ബൈക്ക് കാറിലെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തായി ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നും റോഡരികിലെ കാട് പിടിച്ചു കിടക്കുന്ന സ്ഥലത്തേക്കു ഗോകുൽ തെറിച്ചു വീണു.
ബൈക്ക് പൂർണമായും തകർന്നു. നാട്ടുകാരും അതുവഴി വന്ന യാത്രക്കാരും ചേർന്ന് ഗോകുലിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർക്കഥയാകുന്പോൾ
വ്യാഴം, വെള്ളി ദിവസങ്ങളിലായി തിരുവാറ്റ ജംഗ്ഷനു സമീപം വളവിലാണ് അപകടങ്ങളുണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ 8.30ന് സ്കൂട്ടറിനു പിന്നിൽ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികനായ അയ്മനം സ്വദേശി ഡോ. പി.കെ.അഭിജിത്തി(കണ്ണൻ)നു പരിക്കേറ്റിരുന്നു.
കുടയംപടി ഭാഗത്തു നിന്നെത്തിയ ഡോ.അഭിജിത്ത് തിരുവാറ്റയിൽ തന്റെ പച്ചക്കറിക്കടയിലേക്കു പ്രവേശിക്കുന്നതിനു സിഗ്നൽ കാത്തു കിടക്കുന്പോൾ കോട്ടയത്തുനിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പർ അഭിജിത്തിന്റെ സ്കൂട്ടറിലേക്ക് അമിത വേഗത്തിൽ വന്നിടിക്കുകയായിരുന്നു.
ടിപ്പർ വരുന്നതുകണ്ട് അഭിജിത്ത് ചാടി മാറിയതിനാൽ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇതേ സ്ഥലത്തു തന്നെ വ്യാഴാഴ്ച രാത്രി 8.30നും ഒരു കാറ് നിയന്ത്രണം തെറ്റി മറ്റൊരു കാറിലും റോഡരുകിലെ മതിലിലും ഇടിച്ച് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
അയ്മനം സ്വദേശിയായ അനിയപ്പനാണ് ഈ അപകടത്തിൽ പരിക്കേറ്റത്. പേരൂരിൽ ഇന്നലെ രാവിലെ 5.30നാണ് പാലുമായി വന്ന ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റത്.
തിരുവഞ്ചൂർ സ്വദേശിയായ വിനീത് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ ഭാഗത്തുനിന്നു വന്ന കാർ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.