പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തിലെ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. മരിച്ച അനുജയുടേയും ഹാഷിമിന്റേയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഫോറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനുവേണ്ടി മൊബൈലുകൾ വിദഗ്ധ പരിശോധനകൾക്കായി അയക്കും. ഇരുവരുടേയും സുഹൃത്തുക്കളെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും.
മരിച്ച തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജയും (36) ചാരുമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിമും (35) സുഹൃത്തുക്കളാണ്. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നു.
സ്കൂളിലെ അധ്യാപകരുമായി തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചിരുന്നു.
കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്പില് ഹാഷിം വണ്ടിനിര്‍ത്തിയിട്ട് തടഞ്ഞത്. അനുജയെ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. ആദ്യം ഇയാൾക്കൊപ്പം പോകാൻ മടിച്ച അനുജ പിന്നീട് കാറിൽ കയറുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവികത തോന്നി അനുജയെ വിളിച്ച അധ്യാപകരോട് തങ്ങൾ മരിക്കാൻ പോവുകയാണെന്നാണ് അനുജ പറഞ്ഞത്. അനുജയെ ഫോണിൽ വിളിച്ചപ്പോൾ കരയുന്നുണ്ടായിരുന്നുവെന്നും അധ്യാപകർ പറയുന്നു.
ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.