നടത്തറ: ജംഗ്ഷനിലെ അവസാനത്തെ സിഗ്നൽ പോസ്റ്റും വാഹനം ഇടിച്ചു തകർന്നു. ഇതോടെ സിഗ്നൽ സംവിധാനം പൂർണമായും ഇല്ലാതായി. ഉന്നലെ ഉച്ചക്ക് എറണാകുളത്തുനിന്ന് കോയന്പത്തൂരിലേക്കു പോകുകയായിരുന്ന ബൊലിറോ ജീപ്പാണ് അവസാനത്തെ പോസ്റ്റ് തകർത്തത്.
15 ദിവസം മുന്പാണ് മറ്റൊരു പോസ്റ്റ് വാഹനം ഇടിച്ചു തകർന്നത്. ഈ സിഗ്നലിനെ ഇതുവരെയും പുനസംഘടിപ്പിച്ചിട്ടില്ല. സിഗ്നൽ തകരാറുകൾ പരിഹരിക്കാൻ കെൽട്രോണിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ കരാർ എടുത്തിരിക്കുന്നത് അന്യസംസ്ഥാനക്കാരനായ കരാറുകാരനാണ്. സിഗ്നൽ ശരിയായി പ്രവർത്തിപ്പിക്കാത്തതുമൂലം ഇവിടെ മിക്കദിവസങ്ങളും വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് പതിവാണ്. നാട്ടുകാരുടെ ഒരു സംഘം ഏതു സമയത്തും ഉണ്ടാകാവുന്ന അപകടം പ്രതീക്ഷിച്ച് രക്ഷാപ്രവർത്തനത്തിന് തയാറായി നിൽക്കുകയാണ്.