വടക്കഞ്ചേരി: തൃശൂർ-പാലക്കാട് ദേശീയപാതയിൽ വീണ്ടും അപകടം. മംഗലംപാലത്തിലെ ഡിവൈഡറിൽ കാറിടിച്ച് തകർന്നു കാറിലെ യാത്രക്കാരായ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. സേലം മേട്ടുക്കാട് പ്രേംകുമാർ (28), ഈറോഡ് ഇന്ത്യൻ പബ്ലിക് സ്കൂളിലെ മണി (39), ആലുവ മഞ്ജു ബാഷ (60) എന്നിവർക്കാണ് പരിക്ക്.
ഇവരെ സമീപത്തെ കാരുണ്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നല്കി പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്നും ഈറോഡിലെ ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവരിൽ കാർ ഓടിച്ചിരുന്ന പ്രേംകുമാറിന് ഗുരുതരമായ പരിക്കുണ്ട്. രാവിലെ കുതിരാനിൽ റോഡ് ബ്ലോക്കായിരുന്നതിനാൽ യഥാസമയം വിദഗ്ദ്ധ ചികിത്സയും വൈകി.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്ന് ചുരുങ്ങി. ഡ്രൈവർ സീറ്റിൽ പ്രേംകുമാർ കുടുങ്ങിക്കിടന്നു.
വടക്കഞ്ചേരി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പ്രേംകുമാറിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ തുടയെല്ല് പൊട്ടി. ഇന്നുരാവിലെ ആറരയോടെയായിരുന്നു അപകടം.
ഈറോഡിൽനിന്നും ആലുവയിലേക്ക് പോവുകയായിരുന്നു കാർ. ഡിവൈഡറിലിടിച്ച് തകർന്ന കാർ തിരിഞ്ഞ് നീങ്ങി. വ്യാഴാഴ്ച പുലർച്ചെ ദേശീയപാത അണക്കപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേർക്കും പരിക്കേറ്റിരുന്നു.
ദേശീയപാതയിലെ സിഗ്നൽ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതും യു ടേണ്‍ ജംഗ്ഷനുകളിൽ വാഹനത്തിന് നില്ക്കാൻ മതിയായ സ്ഥലമില്ലാത്തതും അപകടങ്ങൾ പെരുപ്പിക്കുന്നു. മംഗലംപാലത്തെ യു ടേണ്‍ ജംഗ്ഷനിലെ അപകടപരന്പരകൾക്ക് കാരണം ഇത്തരം ന്യൂനതകളാണ്.
തുടർച്ചയായ അപകടത്തെതുടർന്ന് നെന്മാറ റോഡിൽനിന്നും മംഗലം പഴയപാലത്തിനു സമീപമുള്ള വഴിയിലൂടെ വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുന്നത് പോലീസ് തടഞ്ഞു. ജെസി ബികൊണ്ട് ഇവിടെ ചാലുകീറി വഴിയടച്ചു.