ചിങ്ങവനം: കോട്ടയം നാട്ടകത്ത് ജീപ്പും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര് മരിച്ചു. തൊടുപുഴ മണക്കാട് അരിക്കുഴ കുളത്തുങ്കല്പടവില് കെ.കെ. രവിയുടെയും ചന്ദ്രികയുടെയും മകന് കെ.ആര്. സനൂഷ് (43), ബിഹാര് സ്വദേശി കനയ്യ കുമാര് (24) എന്നിവരാണു മരിച്ചത്. ബിഹാര്, തമിഴ്നാട് സ്വദേശികളായ മൂന്നുപേര്ക്കു പരിക്കേറ്റു. ഇന്നു പുലര്ച്ചെ രണ്ടരയോടെ എംസി റോഡില് നാട്ടകം പോളിടെക്നിക്കിനു മുന്നിലായിരുന്നു അപകടം.
സനൂഷാണ് ജീപ്പ് ഓടിച്ചിരുന്നതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. പരിക്കേറ്റവരെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ബംഗളൂരുവില്നിന്ന് കോട്ടയം പള്ളത്തേക്കുവരികയായിരുന്ന വിആര്എല് ലോജിസ്റ്റിക്കിസിന്റെ കണ്ടെയ്നര് ലോറിയിൽ എതിര്ദിശയില്നിന്നെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു.
ദിശതെറ്റി കയറി വന്നതായി കരുതുന്ന ജീപ്പ് ലോറിയിൽ ഇടിച്ച് മുന് ഭാഗം പൂര്ണമായും തകര്ന്നു. ജീപ്പ് ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്ന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തത്. ഇന്റീരിയര് ജോലി ചെയ്യുന്നവരാണു ജീപ്പിനുള്ളില് ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തെത്തുടര്ന്ന് റോഡില് കുടുങ്ങിയ ലോറിയും ജീപ്പും ക്രെയിന് ഉപയോഗിച്ചാണു നീക്കിയത്.
ആതിര കൃഷ്ണന് ആണു മരിച്ച സനൂഷിന്റെ ഭാര്യ. മക്കള്: ഗൗരി കൃഷ്ണ (അഞ്ചാം ക്ലാസ് വിദ്യാര്ഥി വിമലമാത എച്ച്എസ്എസ് കദളിക്കാട്), ഗൗതം കൃഷ്ണ.