കൊല്ലം: ചവറ നീണ്ടകരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ചവറ തെക്കുംഭാഗം മാലിഭാഗം തടത്തിൽകിഴക്കതിൽ അശോകൻ (52), വിജയൻ (56) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധന തൊഴിലാളികളാണ് ഇരുവരും.
പുലർച്ചെ നീണ്ടകര ചീലാന്തിമുക്കിന് സമീപമായിരുന്നു അപകടം. നീണ്ടകര ഹാർബറിൽ മത്സ്യ വിൽപ്പന നടത്തുന്നവരായിരുന്നു ഇരുവരും. പതിവുപോലെ തൊഴിലിന് പോകുന്നതിനിടയിലായിരുന്നു അപകടം.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മറ്റേതെങ്കിലും വാഹനം തട്ടിയാണോ അപകടമുണ്ടായതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.