ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിൽ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇടിച്ചുവീഴ്ത്തിയ കാർ നിർത്താതെ പോയതായി പരാതി. കാറുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ സ്വദേശിയുടെ കാറാണ് റോഡുവക്കിലൂടെ നടന്നു പോകുകയായിരുന്ന മീറ്റ്ന എസ് ആർകെ നഗർ കറുത്തതാടി കൃഷ്ണൻകുട്ടിയുടെ മകൻ സന്തോഷ് കുമാറിനെ (39) ഇടിച്ചു വീഴ്ത്തിയത്.
കഴിഞ്ഞദിവസം കയറംപാറയിൽ കൂടി നടന്നുപോകുകയായിരുന്ന സന്തോഷ് കുമാറിനെ അതിവേഗം വന്ന കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. യുവാവിനെ ഇടിച്ചുവീഴ്ത്തിയ കാര്യം ബോധ്യമായിട്ടും കാർ നിർത്താതെപോയി. ഗുരുതരമായി പരിക്കേറ്റ സന്തോഷ്കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്കും മാറ്റി. ശിരസിനു മാരകമായി മുറിവേറ്റ യുവാവിന്റെ താടിയെല്ല് പൂർണമായും തകർന്നു. വാരിയെല്ലിനും കാര്യമായ ക്ഷതംപറ്റി.
ഹാർട്ടിന് ഓപ്പറേഷൻ വേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു.
യുവാവ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. നിർമാണതൊഴിലാളിയായ സന്തോഷ് കുമാർ കുമാറിന്റ പിതാവ് കൃഷ്ണൻകുട്ടിയുടെ പരാതിയെതുടർന്ന് ഒറ്റപ്പാലം പോലീസ് കേസെടുക്കുകയും അപകടം വരുത്തിവച്ച കാറിന്റെ നന്പർ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.