ഒറ്റപ്പാലം: യുവതിയെ കാറിടിച്ച് പരിക്കേൽപ്പിച്ചതായ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.വാണിയംകുളം മാന്നന്നൂർ റോഡ് ജംഗ്ഷനിൽ യുവതിയെ കാറിടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി.
വാണിയംകുളം ചെറുകാട്ടുപുലം സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇവരുടെ പരാതിയിൽ കോതയൂർ സ്വദേശിക്കെതിരേ വധശ്രമത്തിന് കേസെടുത്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
വാണിയംകുളത്ത് ബസ്സിറങ്ങി ചെറുകാട്ടുപുലത്തേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ചുവീഴ്ത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
പരിക്കേറ്റ യുവതിയെ യുവാവുതന്നെ കാറിൽ കൊണ്ടുപോയി താലൂക്കാശുപത്രിക്ക് സമീപം ഇറക്കിവിട്ടു.മൂക്കിനും ഇടതുകാലിനും പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടി.
വീടുനിർമാണവുമായി ബന്ധപ്പെട്ട് യുവാവിന് ഒരുലക്ഷം രൂപയോളം നൽകാനുണ്ടെന്നും ഇതിന്റെപേരിലുണ്ടായ തർക്കമാണ് അപായപ്പെടുത്തലിൽ കലാശിച്ചതെന്നും ഒറ്റപ്പാലം പോലീസ് പറയുന്നു.
യുവാവിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ഒറ്റപ്പാലം എസ്എച്ച്ഒ വി. ബാബുരാജൻ പറഞ്ഞു.