പാലക്കാട്: വാളയാറിൽനിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന സ്വകാര്യബസ് ദേശീയപാതയിൽ കഞ്ചിക്കോടുവച്ച് നിയന്ത്രണംവിട്ടു മറിഞ്ഞ് ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നു രാവിലെ ഒന്പതോടുകൂടിയാണ് അപകടം. വാളയാറിൽനിന്നും പാലക്കാട്ടേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന കാർത്തികേയൻ എന്ന ബസാണ് കുരുടിക്കാട് വച്ച് അപകടത്തിൽപ്പെട്ടത്.
ചാറ്റൽമഴയുണ്ടായിരുന്നതിനാൽ ബസ് ബ്രേക്കിട്ടപ്പോൾ നിയന്ത്രണംവിട്ട് തൊട്ടടുത്തെ സർവീസ് റോഡിലേക്ക് നിരങ്ങി വീഴുകയായിരുന്നു. ഈ സമയം മറ്റു വാഹനങ്ങൾ എതിർവശത്തും സർവീസ് റോഡിലൂടെയും വരാതിരുന്നതിനാൽ വൻദുരന്തംതന്നെ ഒഴിവായി. കസബ പോലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ട ബസിൽനിന്നും യാത്രക്കാരെ പുറത്തെത്തിച്ചത്. പരിക്കേറ്റ യാത്രക്കാരെ പിന്നീട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.