പരിയാരം: ദേശീയപാതയില്‍ പരിയാരം മെഡിക്കല്‍ കോളജിന് മുന്നിലെ അപകട ഡിവൈഡര്‍ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രത്യക്ഷസമരത്തിനിറങ്ങുന്നു. അശാസ്ത്രീയമായി നിര്‍മിച്ച നിലവിലുള്ള ഡിവൈഡര്‍ 15 നകം മാറ്റാത്തപക്ഷം ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് പരിയാരം റോഡ് സുരക്ഷാ സമിതി പ്രസിഡന്റ് ജയ്സണ്‍ സെല്‍വരാജ് ദേശീയപാത അധികൃതര്‍ക്ക് നല്കിയ പ്രതിഷേധകുറിപ്പില്‍ പറയുന്നു.
ഇന്നലെ രാത്രി ഒന്‍പതിന് ഇന്നോവകാര്‍ ഈ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതാണ് ഏറ്റവും ഒടുവിലെത്തെ അപകടം. കാറിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി നിര്‍വ്വാഹകസമിതി അംഗവുമായ എം.നാരായണന്‍കുട്ടി പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഈ മാസം പരിയാരത്തെ റോഡ് ഡിവൈഡറിലുണ്ടാകുന്ന 14-ാമത്തെ അപകടമാണ് ഇന്നലത്തേതെന്ന് പരിയാരം മെഡിക്കല്‍ കോളജ് പോലീസ് പറഞ്ഞു. അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡര്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഇതേവരെ ദേശീയപാത വിഭാഗം ചെവിക്കൊള്ളാത്തതില്‍ ജനരോഷം രൂക്ഷമാണ്. അപകടങ്ങള്‍ ദിവസംതോറും വര്‍ദ്ധിച്ചുവരുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കയാണ്.