പരിയാരം(കണ്ണൂർ): ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്.
ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരം. ഇന്നു പുലർച്ചെ 6.15ന് പരിയാരം കെകെഎന്‍ പരിയാരം ഗവ.ഹയര്‍സെക്കൻഡറി സ്കൂളിന് മുന്നിലായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎല്‍ 15 8212 കെഎസ്ആര്‍ടിസിയും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ടിഎന്‍ 40 ജെ 2964 ലോറിയുമാണ് കൂട്ടിയിടിച്ചത്.
അരമണിക്കൂറിലധികം ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേന ലോറി പൊളിച്ചാണ് പുറത്തെടുത്തത്. ഇരുകാലുകള്‍ക്കും മാരകമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ തേനി കണ്ണൈപുരത്തെ ഈശ്വരനെ(30)യും പരിക്കേറ്റ മറ്റുള്ളവരേയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ബസ് യാത്രക്കാരായ അമ്മാനപ്പാറയിലെ വലിയ വീട്ടില്‍ മോഹനന് (49), ഏച്ചൂരിലെ കണിച്ചാങ്കണ്ടി സി.ശരത് (30), കടന്നപ്പള്ളിയിലെ പിലാക്കൂല്‍ വര്‍ഷ (18), കടന്നപ്പള്ളി സഫ ഹൗസില്‍ സി.പി.സുഹറ(48), വിളയാങ്കോട്ടെ വെള്ളക്കുടിയന്‍ ആര്യാ കൃഷ്ണന് (20), കടന്നപ്പള്ളി ചിറ്റന്നൂരിലെ താഴത്തേടത്ത് ടി.സുരേന്ദ്രന് (43), കോറോം മുതിയലത്തെ നെല്ലിയോടന്‍ ദാമോദരന്‍(69), കടന്നപ്പള്ളിയിലെ പുതിയ വീട്ടില്‍ ബി.വിശ്വനാഥന് (54), കീഴാറ്റൂര്‍ ചൈത്രം ഹൗസില്‍ എ.വേണുഗോപാലന്‍ (55), ചുഴലിയിലെ മാരത്താന്‍ കുമാരന് (70), ചെറുപുഴ കോഴിച്ചാലിലെ വെള്ളോറ വീട്ടില്‍ അജിത്ത്(19), ഏഴിലോട്ടെ വയലപ്ര ഹൗസില്‍ വി.വിജയന് (53), എരമം നോര്‍ത്തിലെ നീലഞ്ചേരി വീട്ടില്‍ എന്‍.വി. നാരായണന്(58), കടന്നപ്പള്ളി ചന്തപ്പുരയിലെ തച്ചര്‍വയല്‍ ഹൗസില്‍ ടി.ലക്ഷ്മണന്(49), ഏമ്പേറ്റ് ഐആര്‍സി കോളനിയിലെ മെര്ലിന് (61), പിലാത്തറ പുണര്‍തം വീട്ടില്‍ ആതിര രവീന്ദ്രന് (23), തിരുവനന്തപുരം ടികെഡി റോഡ് ഐശ്വര്യലൈനില്‍ തായമ്പത്ത് ടി.രാമചന്ദ്രന് (69), ലോറി ക്ലീനര്‍ തമിഴ്നാട് തേനി സ്വദേശി ഇരുളപ്പന്‍ ഗണേശന് (38) എന്നിവരാണ് പരിയാരം മെഡിക്കല്‍ കോളജിലുള്ളത്.
ലോറി ഡ്രൈവര്‍ ഒഴികെ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തേതുടര്‍ന്ന് ഒരുമണിക്കൂറിലേറെ നേരം ദേശീയപാതയില്‍ വാഹനഗതാഗതം മുടങ്ങി.
ലോറി ഡ്രൈവറെ പുറത്തെടുത്തത് സാഹസികമായി
പരിയാരം(കണ്ണൂർ): കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ച് പൊട്ടിപ്പൊളിഞ്ഞ ലോറിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുകാലുകളും കുടുങ്ങി വേദനകൊണ്ട് പുളഞ്ഞ് നിലവിളിക്കുന്ന ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ഈശ്വരന്റെ അവസ്ഥ ആരുടേയും കരളലിയിക്കുന്നതായിരുന്നു.
നാട്ടുകാരും പോലീസും എത്ര ശ്രമിച്ചിട്ടും ഇയാളെ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ തളിപ്പറമ്പ് അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേന അരമണിക്കൂറോളം എടുത്താണ് ഇയാളെ പുറത്തെടുത്തത്.
പരസ്പരം ഇടിച്ചുകയറി കോര്‍ത്ത നിലയിലായ കെഎസ്ആര്‍ടിസി ബസ് കയര്‍ കെട്ടി വലിച്ചുനീക്കിയശേഷം ഒരു സംഘം ലോറിയുടെ മുന്‍ഭാഗം പൊളിച്ചുനീക്കിക്കൊണ്ടിരിക്കെ തന്നെ മറ്റൊരു സംഘം കാബിനുള്ളില്‍ കയറിയാണ് ഇടിയുടെ ആഘാതത്തില്‍ പൊട്ടിപ്പൊളിഞ്ഞ ഇരുമ്പ് ഷീറ്റുകള്‍ക്കിടയില്‍ കുടുങ്ങിയ കാലിന് കൂടുതല്‍ പരിക്കേല്‍ക്കാതെ ഈശ്വരനെ പുറത്തേക്ക് കൊണ്ടുവന്നത്.
വാഹനം പൊളിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ അബോധാവസ്ഥയിലായത് ആശങ്ക പരത്തിയെങ്കിലും ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച ഇയാള്‍ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. സ്ഥിരമായി അപകടം നടക്കുന്ന സ്കൂള്‍ വളവില്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങല്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.