പെരുമ്പാവൂർ: ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസിൽ സഞ്ചരിച്ചിരുന്ന 32 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രഥമ ശുശ്രുഷ നൽകി വിട്ടയച്ചു.
ഇന്നു പുലർച്ചെ രണ്ടിന് ശേഷമാണ് അപകടം. മൂന്നാറിൽ പോയി മടങ്ങി വരികയായിരുന്ന ടൂറിസ്റ്റ് ബസ് പെരുമ്പാവൂർ കാലടി ജംഗ്ഷനിൽവച്ച് തൊടുപുഴയ്ക്ക് പഞ്ചസാര കയറ്റി പോവുകയായിരുന്ന ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് ബസ് റോഡിൽ മറിഞ്ഞു. കൊണ്ടോടി ഇഎംഇഎ കോളജിലെ മൂന്നാം വർഷ കംമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ കുടുങ്ങിയവരെ പെരുമ്പാവൂർ ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപെടുത്തിയത്.
അപകടത്തെ തുടർന്നു മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരികയായിരുന്ന് രണ്ട് കാറുകൾ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ റോഡിലെ മീഡിയനിൽ ഇടിച്ചു. ആർക്കും പരിക്കില്ല. അപകടത്തിൽ മറിഞ്ഞ വാഹനങ്ങൾ ക്രയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. ലോറിയിലുള്ള ആർക്കും പരിക്കില്ല