പെരുന്പാവൂർ: എംസി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ അഞ്ചു യുവാക്കൾക്കു ദാരുണാന്ത്യം. രണ്ടു പേർക്കു ഗുരുതര പരിക്ക്. ഏലപ്പാറ സ്വദേശികളായ ഫെയർഫീൽഡ് എസ്റ്റേറ്റിൽ സ്റ്റീഫന്റെ മകൻ ജിനീഷ് (22), സെബിനിവാരി എസ്റ്റേറ്റിൽ ഹരിയുടെ മകൻ കിരൺ, ചെമ്മണ്ണ് എസ്റ്റേറ്റിൽ റോയിയുടെ മകൻ ഉണ്ണി, ചെമ്മണ്ണ് പുത്തൻപുരയ്ക്കൽ യേശുദാസിന്റെ മകൻ ജെറിൻ (20), ഡ്രൈവറായിരുന്ന കോഴിക്കാനം സ്വദേശി മൂലയിൽ വീട്ടിൽ വിൽസണിന്റെ മകൻ വിജയൻ എന്നിവരാണു മരിച്ചത്.
ജെറിന്റെ സഹോദരൻ ജിബിൻ, ചെമ്മണ്ണ് എസ്റ്റേറ്റിൽ സോമരാജിന്റെ മകൻ അപ്പു (സുജിത്ത്) എന്നിവർക്കാണു പരിക്കേറ്റത്. ജിബിനെ പെരുന്പാവൂർ സാൻജോ ആശുപത്രിയിലും സുജിത്ത് ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലാണ്. ജിബിനെ ഒമാനിലേക്കു യാത്രയാക്കുന്നതിനായി പോകുംവഴി ഇന്നലെ രാത്രി 11.55നായിരുന്നു അപകടം.
ആന്ധ്രയിൽനിന്നും അയ്യപ്പ ഭക്തരുമായി ശബരിമലയ്ക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അഞ്ചുപേരും മരിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും മറ്റ് യാത്രികരും ഫയർഫോഴ്സും പോലീസും ചേർന്നാണു കാറിൽനിന്നും ഇവരെ പുറത്തെടുത്തത്.
ഒരാഴ്ചമുന്പ് കെഎസ്ആർടിസി ബസ് വീടിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടം നടന്ന സ്ഥലത്തുതന്നെയാണ് വീണ്ടും അപകടം ഉണ്ടായിട്ടുള്ളത്. മരിച്ചവരെല്ലാം ഏലപ്പാറയിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ്. ജിബിൻ ആദ്യമായിട്ടാണു ഗൾഫിലേക്കു പോകുന്നത്. ഒരു മണിക്ക് നെടുന്പാശേരിയിൽ എത്തുന്നത് ലഷ്യമാക്കിയാണ് ഇവർ സഞ്ചരിച്ചിരുന്നത്. നാലു മണിക്കായിരുന്നു നെടുന്പാശേരിയിൽനിന്നു വിമാനം.
സംഭവമറിഞ്ഞു എറണാകുളം റൂറൽ പോലീസ് മേധാവി രാഹുൽ ആർ. നായർ, ഡിവൈഎസ്പി ജി. വേണു, സിഐ ബൈജു പൗലോസ്, എസ്ഐ പി.എ. ഫൈസൽ എന്നിവർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
കിരണിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലും ജെറിൻ, വിജയൻ എന്നിവരുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും ഉണ്ണി, ജിനീഷ് എന്നിവരുടെ മൃതദേഹം പെരുന്പാവൂർ താലൂക്ക് ആശുപത്രിയിലും പോസ്റ്റ്മോർട്ടം നടത്തി. സ്ഥലത്ത് അപകടം പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം. സംഭവത്തെത്തുടർന്നു ടൂറിസ്റ്റ് ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.