പയ്യന്നൂര്‍: പാലക്കോട് വലിയ കടപ്പുറം അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ അപകട പരമ്പര. ഇന്നലെ രാവിലെയുണ്ടായ അപകടത്തിന് പിന്നാലെ രാത്രിയിലും ഇന്നും രാവിലെയും അപകടങ്ങളുണ്ടായി.രാത്രിയിലെ അപകടത്തില്‍ മത്സ്യത്തൊഴിലാളി എട്ടിക്കുളം ഹൈസ്കൂളിന് സമീപത്തെ പെരിയന്റകത്ത് സമീറിന്റെ (30) തോളെല്ല് തകര്‍ന്നു.
പുറങ്കടലില്‍ നിന്ന് പാലക്കോട് ഫിഷ്ലാൻഡ് സെന്ററിലേക്ക് മത്സ്യവുമായി വരികയായിരുന്ന അല്മിസ്ക് എന്ന ഫൈബര്‍ തോണിയാണ് ഇന്നലെ രാത്രി പത്തോടെ മണ്തിട്ടയിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സമീര്‍ തോണിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.അപകടത്തില്‍ ഇടത്തേ തോളെല്ല് തകര്‍ന്ന സമീറിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോണിയിലുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നു രാവിലെ ആറരയോടെയാണ് അടുത്ത അപകടം. ഇന്നലെ അപകടത്തില്‍പ്പെട്ട എട്ടിക്കുളത്തെ ടി.പി.അസ്ലമിന്റെ ഉടമസ്ഥതയിലുള്ള ഉള്ളാളം എന്ന മറ്റൊരു ഫൈബര്‍ തോണിയാണ് ഇന്ന് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞത്. കടലില്‍ നിര്‍ത്തിയിട്ടിരുന്ന ലെയ്ലാൻഡ് എന്ന വലിയ മത്സ്യബന്ധന ഫൈബര്‍ തോണിയിലേക്ക് കരയില്‍ നിന്ന് മത്സ്യതൊഴിലാളികളുമായി പോകുന്നതിനിടയിലാണ് അപകടം.
കടലിലേക്ക് തെറിച്ച് വീണ തൊഴിലാളികള്‍ നീന്തി കരയ്ക്കുകയറി. മെഷീന് തകര്‍ന്നതിനൊപ്പം തോണിക്കും സാരമായ തകരാര്പറ്റി.പിന്നാലെ വന്നിരുന്ന തോണിയിലെ ആളുകളാണ് തകര്‍ന്ന തോണിയെ കരക്കെത്തിച്ചത്. അടിക്കടിയുണ്ടാകുന്ന അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ പരിഭ്രാന്തരാണ്. രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിനും മറ്റ് നിരവധി അപകടങ്ങള്‍ക്കും മണൽത്തിട്ട കാരണമായിട്ടുണ്ട്.
തദ്ദേശീയരായ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ പാലക്കോട് ഫിഷ്ലാൻഡ് സെന്റര്‍ കേന്ദ്രീകരിച്ച് ആസാം ,ബംഗാള്‍,കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവിടം കേന്ദ്രീകരിച്ചുള്ള തൊഴില്‍ വെല്ലുവിളിയായതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളില്‍ പലരും തിരിച്ചുപോകാൻ ഒരുങ്ങുകയാണ്.