കണ്ണൂർ: ഇന്ധനം നിറച്ചശേഷം മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ച പോലീസുകാരനെ തടഞ്ഞ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച് നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ പോലീസ് ഡിഎച്ച്ഒയിലെ ഡ്രൈവർ കെ. സന്തോഷ്കുമാറാണ് (50) അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പമ്പിലായിരുന്നു സംഭവം.
2100 രൂപയുടെ ഇന്ധനം നിറച്ച സന്തോഷ്കുമാർ 1900 രൂപയാണു നൽകിയത്. ബാക്കി പണം ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്നും വേണമെങ്കിൽ ബാക്കി തുകയ്ക്കുള്ള പെട്രോൾ തിരിച്ചെടുത്തോ എന്നുപറഞ്ഞ് കാറുമായി പോകാൻ ശ്രമിക്കുകയായിരുന്നു.
കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരനായ അനിൽ മുന്നിൽനിന്നു തടയാൻ ശ്രമിച്ചു. ഇതു ഗൗനിക്കാതെ കാർ മുന്നോട്ടുനീക്കിയപ്പോൾ അനിലിനെ ഇടിക്കുകയും ബോണറ്റിനു മുകളിലേക്ക് വീഴുകയും ചെയ്തു. എന്നാൽ കാർ നിർത്താൻ തയാറാകാതെ സന്തോഷ് കുമാർ അതിവേഗം പോകുകയായിരുന്നു. അനിലിനെയും കൊണ്ടു തിരക്കേറിയ നഗരത്തിലൂടെ അഞ്ഞൂറു മീറ്ററോളം ഓടിയശേഷം ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലാണു നിർത്തിയത്.
ഇതിനകം വിവരമറിഞ്ഞെത്തിയ ടൗൺ പോലീസ് സന്തോഷ്കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു മാറ്റി. കാറും കസ്റ്റഡിയിലെടുത്തു. അനിൽ കാര്യമായ പരിക്കില്ലാതെ ഭാഗ്യംകൊണ്ടാണു രക്ഷപ്പെട്ടത്. സന്തോഷ് കുമാറിനെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഏതാനും മാസങ്ങൾക്കു മുമ്പ് കണ്ണൂർ കളക്ടറേറ്റിനു മുന്നിലെ പെട്രോൾ പന്പിലേക്ക് ഇയാൾ പോലീസ് വാഹനം ഓടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്റെ തകരാറാണ് അപകടത്തിനു കാരണമെന്നായിരുന്നു പറഞ്ഞിരുന്നത്.