പൊൻകുന്നം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ ഗുരുവായൂർ, കുന്നംകുളം സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇന്ന് പുലർച്ചെ ഒന്നിന് പൊൻകുന്നം ദേശീയപാത 183ൽ വൈദ്യുതി ഭവനു സമീപത്തു മറിഞ്ഞത്. 21 പേർക്ക് പരിക്കേറ്റു. 45 പേരോളം ബസിലുണ്ടായിരുന്നു.
പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പീന്നിട് കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടു പോയി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് രോഗികളുമായി കോട്ടയത്തേക്ക് പോയതിനു ശേഷം പിന്നെ ആംബുലൻസ് കിട്ടാൻ വളരെയധികം ബുദ്ധിമുട്ടി.
ആദ്യം പോയ ആംബുലൻസാണ് കോട്ടയത്തു നിന്ന് വന്ന് താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളെ കൊണ്ടുപോയത്. അതുവരെ പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിൽ ആംബുലൻസും കാത്ത് നിൽക്കേണ്ട സ്ഥിതിയായിരുന്നു.
എരുമേലി പോലീസ് സ്റ്റേഷനിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ഉടൻ വിടാമെന്ന് പറഞ്ഞെങ്കിലും മണിക്കുറുകളോളം കാത്ത് നിൽക്കേണ്ടി വന്നു.
പീന്നിട് 26ാം മൈലിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഏർപ്പെടുത്തുകയും ചെയ്തു. മുൻ വർഷങ്ങളിൽ തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വളരെ പെട്ടെന്നു തന്നെ ആംബുലൻസും മറ്റ് സംവിധാനങ്ങളും ലഭ്യമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ജനപക്ഷം ജില്ലാ പ്രസിഡന്റ് ആന്റണി മാർട്ടിൻ ആരോപിച്ചു.
അയ്യപ്പസേവ സംഘ പ്രസിഡന്റ് ബാബുവും പ്രവർത്തകരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ദേശീയ
പാതയിൽ ഗതാഗതം തടസപ്പെട്ടു.