പത്തനംതിട്ട: വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ സേഫ്സോണ്‍ പദ്ധതി നടപ്പാക്കും. ഇലവുങ്കല്‍ കേന്ദ്രീകരിച്ചുള്ള സേഫ്സോണ്‍ പദ്ധതിയുടെ കണ്ട്രോള് ഓഫീസില്‍ നിന്ന് വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പട്രോളിംഗുകളും ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്ക്കരണം, കേടാകുന്ന വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള സഹായം, ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കുന്നതിനുള്ള ചുക്കുകാപ്പി വിതരണം തുടങ്ങി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തും.
പ്രളയത്തില്‍ വന്‍ നാശം സംഭവിച്ച ജില്ലയിലെ റോഡുകള്‍ പുനരുദ്ധരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് ജില്ലാകളക്ടർ പി.ബി. നൂഹ് പറഞ്ഞു. ളാഹ മുതല്‍ ചാലക്കയം വരെയുള്ള ഭാഗങ്ങളില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ഇവയൊക്കെത്തന്നെ തീര്‍ഥാടന കാലത്തിന് മുമ്പ് ഗതാഗതയോഗ്യമാക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം ജില്ലയിലെ മറ്റ് പ്രധാന ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി വരുന്നു. തീര്‍ഥാടന കാലത്ത് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചിട്ടുണ്ട്.
വിലവിവരം എല്ലാ ഹോട്ടലുകളും പ്രദര്‍ശിപ്പിക്കണം. തീര്‍ഥാടകര്‍ക്ക് നല്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില എന്നിവ ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ്, റവന്യു, ആരോഗ്യം വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകള്‍ പരിശോധന നടത്തും.
പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം ജില്ലാ ഭരണകൂടം നടത്തും. തീര്‍ഥാടന കാലത്ത് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ ഓവര്‍സ്പീഡ്, ഓവര്‍ലോഡ് എന്നിവ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്കി.
തിരുവല്ല ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല സുരക്ഷായാത്രയില്‍ ബോധ്യപ്പെട്ട സുരക്ഷാ പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
അടൂര്‍ ആര്‍ഡിഒ എം.എ റഹിം, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അയ്യപ്പസേവാസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.