കാട്ടാക്കട : നിയന്ത്രണം തെറ്റിയ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. നെയ്യാറ്റിൻകര പനങ്ങാട്ടുകരി നിലമേൽ വിശ്വം വീട്ടിൽ സിപിഐ നെയ്യാറ്റിൻകര ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവ് കുമാർ-ബിന്ദു ദമ്പതികളുടെ മകനും കുറ്റിച്ചൽ ലൂർദ് മാതാ എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയുമായ എസ്.ബി . സന്ദീപ് നിലമേൽ(19) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒൻപതോടെ കാട്ടാക്കടയ്ക്കു സമീപം തൂങ്ങാമ്പാറയിൽ കാളിദാസ കൺവൻഷൻ സെന്ററിനു മുന്നിലാണ് അപകടം നടന്നത്. സന്ദീപ് നെയ്യാറ്റിൻകരയിൽ നിന്ന് കുറ്റിച്ചൽ കോളജിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
സന്ദീപ് ഓടിച്ചിരുന്ന ബൈക്ക് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മറ്റൊരു ബൈക്കിൽ തട്ടി നിയന്ത്രണം വിടുകയും ബസ് കാത്ത് നിൽക്കുകയായിരുന്ന കണ്ണൻകോട് നിഹാസ് മൻസിലിൽ സെയ്ഫുദീൻ(16), ഇറയംകോട് സജുവിഹാറിൽ വിജയൻ(60), മാവുവിള സ്വദേശി മണിയൻ(50) എന്നിവരെ ഇടിച്ചു തെറിപ്പിച്ചശേഷം വൈദ്യുതി തൂണിൽ വന്നിടിച്ച് 50 അടിയോളം ഉയർന്നുപൊങ്ങി നിലത്തു വീഴുകയായിരുന്നു.
സന്ദീപ് റോഡ് വക്കിൽ തെറിച്ചുവീഴുകയും ചെയ്തു. മാറനല്ലൂർ പോലീസും നാട്ടുകാരും ചേർന്ന് സന്ദീപിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.സന്ദീപ് ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും കഴുത്തിലേറ്റ മുറിവാണ് മരണത്തിനിടയാക്കിയത്.
അപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് പേർക്കും കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇതിൽ രണ്ടുപേർ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാന്ദ്രയാണ് സന്ദീപിന്റെ സഹോദരി.
മാറനല്ലൂർ പോലീസ് കേസെടുത്തു.