ചേര്‍ത്തല: കേരളത്തിന്റെ ശാപമായി മാറുകയാണ് ദൈനംദിനം വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍. ഇതിനു പരിഹാരമായി ചെട്ടികുളങ്ങര ഹൈസ്കൂളിലെ അഖില്‍ജിത്ത് പ്രസാദും എസ്. ലക്ഷ്മിയും അവതരിപ്പിച്ച സൊല്യൂഷന് ഫോര്‍ റോഡ് ആക്സിഡന്റ് ശാസ്ത്രമേളയിലെത്തിയവരുടെ ശ്രദ്ധയാകര്‍ഷിച്ചു.
മൂന്നുതരത്തിലുള്ള അപകടങ്ങളെ തിരിച്ചറിയുന്ന എംക്യൂ-മൂന്ന് സെന്‍സറിംഗ് ഉപകരണങ്ങളാണ് മേളയില്‍ അവതരിപ്പിച്ചത്.എതിരേ വരുന്ന വാഹനങ്ങളുടെ ശക്തിയേറിയ പ്രകാശം കാരണം ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് ഓട്ടോമാറ്റിക്കായി ഡിം ആകുന്ന ഉപകരണമാണ് ഒന്ന്.
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവരെ തടയിടാനായി ആല്‍ക്കഹോള്‍ ഡിറ്റെക്ടറാണ് രണ്ടാമത്തെ സെന്‍സര്‍. മദ്യപിച്ച് വാഹനം ഓടിക്കാന്‍ ശ്രമിച്ചാല്‍ വാഹനം അലാറം ശബ്ദം മുഴക്കുകയും ഓട്ടോമാറ്റിക്കായി ഓഫായി പോകുന്നതാണ് സിസ്റ്റം. കൂടാതെ ഈയിടെയായി വാഹനങ്ങള്‍ തനിയെ തീപിടിക്കുന്ന സംഭവം നിരവധി ഉണ്ടാകുന്നുണ്ട്.
ഇതിനു തടയിടാനായി വാഹനത്തിനുള്ളില്‍ തീപിടിക്കുമ്പോള്‍ ഉടന്‍ തന്നെ അലാറം ശബ്ദം മുഴക്കി യാത്രക്കാരെ മൂന്നാമത്തെ സെന്‍സര്‍ അറിയിക്കും. അപായശബ്ദം കേട്ട് യാത്രക്കാര്‍ക്ക് രക്ഷപെടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു വാഹനത്തില്‍ ഇങ്ങനെ മൂന്നുതരം ഉപയോഗപ്രദമായ സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയുള്ള ഇവരുടെ എംക്യൂ മൂന്ന് എന്ന സൊല്യൂഷന് ഫോര്‍ റോഡ് ആക്സിഡന്റ് ശാസ്ത്രമേളയിലെത്തിയവരുടെ ശ്രദ്ധയാകര്‍ഷിച്ചു. മാവേലിക്കര സബ്ജില്ലയില് ഒന്നാംഗ്രേഡ് നേടി അധ്യാപകന് വൈശാഖിന്റെ നേതൃത്വത്തിലാണ് ഇവര്‍ റവന്യൂ ജില്ലാ ശാസ്ത്രമേളയിലെത്തിയത്.