പട്ടിക്കാട്: ദേശീയപാത സർവീസ് റോഡിൽ സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആൽപ്പാറ ഇടയത്തു വളപ്പിൽ സതീഷ് ആണ് മനസും ശരീരവും തളർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ കിടപ്പിലായത്.
നവംബർ പത്താം തിയ്യതി വൈകീട്ട് താണിപ്പാടത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽപെട്ട ബൈക്കിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സതീഷ്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സതീഷിന്റെ കഴുത്തിന് പുറകിലും നട്ടെല്ലിനും ക്ഷതമേൽക്കുകയായിരുന്നു.
പരിക്കേറ്റ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ ക്ഷതം മൂലം അരയ്ക്കു താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
കൂലിപ്പണിക്കാരനായ സതീഷ് ആയിരുന്നു കുടുംബത്തിന്റെ ഏക അത്താണി. സതീഷ് കിടപ്പിലായതോടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്ന അവസ്ഥയിലാണ് കുടുംബം.
ഭാര്യ ദീപ വീട്ടിൽ തന്നെ തയ്യൽ ജോലികൾ ചെയ്യുന്നുണ്ടെങ്കിലും വീട്ടിലെ ചെലവുകൾക്ക് പോലും അതു തികയില്ല. മക്കളായ അരുന്ധതിയും ആരോമലും വിദ്യാർഥികളാണ്.
സതീഷിന്റെ മനസിനെ തളർത്തിയ പ്രശ്നം മറ്റൊന്നാണ്. സർവീസ് റോഡിലൂടെ തൃശൂർ ഭാഗത്തേക്കു വന്ന സതീഷ് സഞ്ചരിച്ച ബൈക്ക് വണ്‍വേ നിയമം തെറ്റിച്ചാണ് കടന്നുവന്നതെന്നാണ് അധികൃതരുടെ വാദം.
ദേശീയപാതയുടെ സർവീസ് റോഡുകൾ എല്ലാം വണ്‍വേ ആണെന്നും അവർ പറയുന്നു. എന്നാൽ ഇതൊന്നും വ്യക്തമാക്കുന്ന ഒരു സൂചനാ ബോർഡുപോലും ദേശീയപാതയിൽ ഇല്ല.
നിർമാണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നതിനാൽ ഓരോ ദിവസവും ഓരോ വഴിയിലൂടെയാണ് ഗതാഗത നിയന്ത്രണങ്ങൾ ഇവിടെ നടപ്പാക്കാറുള്ളത്.
സമീപ പ്രദേശമായ തെക്കുംപാടം ഭാഗത്തേക്കുള്ള സ്വകാര്യ ബസ് പോലും നിലവിൽ അധികൃതർ കടത്തിവിടുന്നത് വണ്‍വേ തെറ്റിച്ച് സർവീസ് റോഡിലൂടെയാണ്.
ഇവിടെയാണ് ഇൻഷ്വറൻസ് കന്പനികൾ പോലുള്ളവർ മുതലെടുപ്പ് നടത്തുന്നത്. വണ്‍വേ തെറ്റിച്ച് പോകുന്ന വാഹനങ്ങൾക്കുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷ്വറൻസ് തുക ലഭിക്കില്ല എന്നതാണ് അവരുടെ വാദം.
ഇതൊന്നും അറിയാതെയാണ് ഭൂരിഭാഗം ആളുകളും ഇവിടെ വാഹനം ഓടിക്കുന്നത്. ഇതുപോലെ അപകടത്തിൽ പെട്ടതാണ് സതീഷ് സഞ്ചരിച്ച വാഹനവും. അതുകൊണ്ടുതന്നെ അപകടത്തിൽപെട്ട് കിടപ്പിലായ സതീഷിന് അർഹമായ തുക ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
ദേശീയപാത അഥോറിറ്റിയുടെ അനാസ്ഥമൂലം ജീവിതം വഴിമുട്ടിയ അനേകം കുടുംബങ്ങൾ പാണഞ്ചേരി പഞ്ചായത്തിൽ ഉണ്ട്.
ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളുടെ അമിതമായ വെളിച്ചവും സർവീസ് റോഡിലെ വെളിച്ചക്കുറവും മൂലം റോഡിലെ കുഴികൾ ശ്രദ്ധയിൽ പെടാതിരുന്നതും അപകടത്തിനു കാരണമാകാറുണ്ട്.
ഇനിയെങ്കിലും നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച്, സുരക്ഷാ സംവിധാനങ്ങളും ദിശാബോർഡുകളും സ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.